Latest Post
Showing posts with label featured. Show all posts
Showing posts with label featured. Show all posts

ധര്‍മടത്ത് ഉഗ്രശേഷിയുള്ള നാല് ബോംബുകള്‍ കണ്ടെടുത്തു

Written By Main Desk on Jan 4, 2013 | 11:46 PM

തലശ്ശേരി : ധര്‍മടം മേലൂരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉഗ്രശേഷിയുള്ള നാല് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. മേലൂര്‍ ചെഗുവേര നഗറില്‍ ചെഗുവേര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനോട് ചേര്‍ന്നാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. ടൗണ്‍ സി ഐ എം പി വിനോദിന്റെ നേതൃത്വത്തില്‍ രാവിലെ നടത്തിയ മിന്നല്‍ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ക്ലബിന്റെ ചുമരിനോടുചേര്‍ന്ന് കുഴിയെടുത്ത് ബക്കറ്റില്‍ മണല്‍ നിറച്ചശേഷം കറുത്ത തുണിയല്‍ പൊതിഞ്ഞു സൂക്ഷിച്ചനിലയിലായിരുന്നു ബാംബുകള്‍. ബോംബുകള്‍ ധര്‍മടം പോലീസ് ്‌റ്റേഷനിലേക്കുമാറ്റി.

യുവാവിന്റെ മരണം ; അച്ഛനും മകനും കുറ്റക്കാര്‍

തലശ്ശേരി: പൈസക്കരിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അച്ഛനും മകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. റബ്ബര്‍തൈകള്‍ വെട്ടിനശിപ്പിച്ചത് ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പൈസക്കരി സ്വദേശി ഷൈജുമോന്‍ എന്ന അമ്പിളിയെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പൈസക്കരിയിലെ ഉദയംപാറ ചന്ദ്രന്‍ (50) മകന്‍ സോജോ (20) എന്നിവരെ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് പി ഷിര്‍സി കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ഇവര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
2006 നവംബര്‍ 11ന് പൈസക്കരി ടൗണിലാണ് കേസിനാസ്പദമായ സംഭവം. മത്തായി എന്നയാളുടെ പറമ്പിലെ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചത് ഷൈജുമോനാണെന്ന് കേസിലെ രണ്ടാംപ്രതി സോജോ പറഞ്ഞത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് പ്രതികള്‍ ഷൈജുമോനെയും സുഹൃത്ത് ഈട്ടിക്കല്‍ പ്രദീപനെയും കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജെ ജോണ്‍സണ്‍ ഹാജരായി.

വാരത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Written By Main Desk on Nov 22, 2012 | 2:38 AM

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു. പാചക വാതകവുമായി പോവുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ വാരം മധുക്കോത്ത് ഒറയില്‍ കുന്നിലാണ് അപകടം. ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്ന് ഡീസല്‍ പുറത്തേക്ക് ഒഴുകിയെങ്കിലും പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറിന് പൊട്ടലൊന്നുമേല്‍ക്കാത്തതു കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.
മംഗലാപുരത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. വളവു തിരിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് ടാങ്കര്‍ മറിയുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗവും വശവും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പൊലീസ് എത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി വീടുകളുള്ള ജനവാസ മേഖലയിലാണ് അപകടം നടന്നത്. ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പരിസരവാസികള്‍ ടാങ്കര്‍ ലോറി മറിഞ്ഞതാണെന്നറിഞ്ഞതോടെ വീടുപേക്ഷിച്ച് ദൂരേക്ക് ഓടി മാറുകയായിരുന്നു. പരിസരത്തെ വീടുകളില്‍നിന്ന് ആളുകളോട് ഇറങ്ങി ഓടാനും വിളിച്ചുകൂവുന്നുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ കണ്ണൂര്‍ ഫയര്‍ഫോഴ്സിനെയും വിളിച്ചു പറഞ്ഞു.
എ. രാജീവന്‍െറ നേതൃത്വത്തിലെത്തിയ ഫയര്‍ യൂണിറ്റാണ് ഗ്യാസ് ടാങ്കറിന് ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഉറപ്പു വരുത്തിയത്. ഇതിനിടെ പ്രദേശത്തെ വൈദ്യൂതി ബന്ധവം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയത്തെ തുടര്‍ന്ന് ഫയര്‍ ഡിസ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് സ്ഫോടനം നടക്കുന്നത് തടയുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കി.
കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സുകുമാരന്‍െറ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് അപകട സ്ഥലത്തേക്കുള്ള ഗതാഗതം തടഞ്ഞ് സുരക്ഷയുറപ്പാക്കി. ചാലയില്‍ വാതക ചോര്‍ച്ചയുണ്ടായതിന് ശേഷം കടന്നു പോയ ബൈക്കില്‍ നിന്നാണ് തീജ്വാലകള്‍ ഉയര്‍ന്നതെന്നത് മുന്‍നിര്‍ത്തിയാണ് ഗതാഗതം തടഞ്ഞത്.
വിവരമറിഞ്ഞ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉദ്യോഗസ്ഥരും അപകട സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ടാങ്കര്‍ ഉടന്‍ മാറ്റുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പൊലീസിനോട് പറഞ്ഞു. എസ്.പിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് ടാങ്കര്‍ ദുരന്തങ്ങളിലൊന്നായ ചാല ദുരന്തത്തിനു മൂന്നു മാസം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പാണ് കണ്ണൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും അപകടമുണ്ടായത്.

സുകുമാര്‍ അഴീക്കോട് സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം

കണ്ണൂര്‍: സുകുമാര്‍ അഴീക്കോട് സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം പയ്യാമ്പലത്ത് അഴീക്കോട് സ്മാരക സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ പി.പി.ലക്ഷ്മണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എം.പ്രകാശന്‍, നഗരസഭാധ്യക്ഷ എം.സി.ശ്രീജ, മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍, സാംസ്‌കാരികസമിതി സെക്രട്ടറി ഡോ. എ.കെ.നമ്പ്യാര്‍, മറ്റു ഭാരവാഹികളായ ടി.എന്‍.ലക്ഷ്മണന്‍, ടി.വി.സുരേന്ദ്രന്‍, സി.പി.നാരായണന്‍ നമ്പ്യാര്‍, എം.അബ്ദുറഹ്മാന്‍, എം.ടി.മനോജ്, മഞ്ഞേരിക്കണ്ടി സുകുമാരന്‍, പി.ജി.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

മന്ത്രി കെ.സി.ജോസഫ് ഇടപെട്ടതിനെ തുടര്‍ന്ന് മണ്ഡപനിര്‍മാണത്തിന് സാംസ്‌കാരികവകുപ്പ് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. ആര്‍ക്കിടെക്ട് പള്ളിക്കുന്നിലെ മധുകുമാര്‍ രൂപകല്പനചെയ്ത സ്മൃതിമണ്ഡപം സുകുമാര്‍ അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികമായ ജനവരി 24നുമുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

മോഷണം: ഹോംനഴ്‌സ് റിമാന്‍ഡില്‍

പഴയങ്ങാടി:പുതിയങ്ങാടി ഉത്താരംപള്ളിക്ക് സമീപം കെ.നഫീസാബിയുടെ വീട്ടില്‍ നിന്ന് ആറേമുക്കാല്‍ പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ഹോംനഴ്‌സ് അറസ്റ്റില്‍. സിദ്ദാപുരം ചെട്ടിലി അബ്യാല കാപ്പി എസ്റ്റേറ്റിലെ ആര്‍.കാവേരി (35)യെ തളിപ്പറമ്പ് സി.ഐ. എ.വി.ജോണാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോടതി യുവതിയെ റിമാന്‍ഡ് ചെയ്തു. മൂന്നുമാസം മുമ്പാണ് കാവേരി നഫീസാബിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലിക്കെത്തിയത്. ഇതിനിടയിലാണ് അലമാരയില്‍ സൂക്ഷിച്ച വളകള്‍, കമ്മല്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നത്. 16നാണ് സ്വര്‍ണാഭരണം മോഷണം പോയ വിവരം വീട്ടുകാര്‍ അറിയുന്നത്. ഇവരുടെ സഹോദരന്‍ കെ.സയിദ് ഇബ്രാഹിമാണ് പരാതി നല്കിയത്. സ്ത്രീയെ തളിപ്പറമ്പ് എ.എസ്.പി. അടക്കമുള്ളവര്‍ ചോദ്യം ചെയെ്തങ്കിലും മോഷണമുതല്‍ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഹോംനഴ്‌സിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നറിയുന്നു.
പുതിയങ്ങാടിയില്‍ ജോലിക്കെത്തുംമുമ്പ് ഇതേ ഹോംനഴ്‌സ് മാട്ടൂല്‍ കാവിലെപറമ്പിലെ ബീഫാത്തിമയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇവരുടെ വീട്ടില്‍ ജോലിചെയ്തുവരവേ ബീഫാത്തിമയുടെ കാതിലെ രണ്ടര പവന്‍ തൂക്കം വരുന്ന കമ്മല്‍ കാവേരി ഊരിയെടുത്ത് പകരം മുക്കുപണ്ടം കൊടുത്തതായും പരാതിയുണ്ട്. ഈ കേസിലും കാവേരിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

സ്‌കൂള്‍ കായികമേള: പയ്യന്നൂര്‍ ഉപജില്ലയ്ക്ക് കിരീടം

കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 153 പോയിന്റ് നേടി പയ്യന്നൂര്‍ ഉപജില്ല ചാമ്പ്യന്മാരായി. 129 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ല രണ്ടാംസ്ഥാനവും 121 പോയിന്റുമായി ഇരിട്ടി ഉപജില്ല മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുനേടി കോഴിച്ചാല്‍ ഗവ. എച്ച്.എസ്.എസ്. ഒന്നാമതെത്തി. 86 പോയിന്റാണ് ഇവര്‍ നേടിയത്. 45 പോയിന്റുമായി കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 42 പോയിന്റുമായി ജി.എച്ച്.എസ്.എസ്. പാലയാട് മൂന്നാംസ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ 76 സ്‌കൂളുകളാണ് മേളയില്‍ മത്സരിച്ചത്. ഇതില്‍ 63 സ്‌കൂളുകളും 30 പോയിന്റില്‍ താഴെയാണ് നേടിയത്. 58 സ്‌കൂളുകള്‍ക്ക് 10 പോയിന്റിലും താഴെയേ നേടാനായുള്ളൂ. ഉപജില്ലാതലത്തില്‍ നേടിയ പോയിന്റുകള്‍ ചുവടെ: ഇരിക്കൂര്‍-66, മാടായി-50, തലശ്ശേരി സൗത്ത്-42.5, മട്ടന്നൂര്‍-38, കൂത്തുപറമ്പ്-38, കണ്ണൂര്‍ നോര്‍ത്ത്-21, തലശ്ശേരി നോര്‍ത്ത്-20, തളിപ്പറമ്പ് സൗത്ത്-16, കണ്ണൂര്‍ സൗത്ത്-15, പാനൂര്‍-15, പാപ്പിനിശ്ശേരി-10, ചൊക്ലി-6. സമാപനസമ്മേളനത്തില്‍ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. വിജയികള്‍ക്ക് ട്രോഫി നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ അധ്യക്ഷത വഹിച്ചു. ഡോ. ശശിധരന്‍ കുനിയില്‍, ഇ.വസന്തന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഇ.ഒ. കെ.രാജന്‍ സ്വാഗതവും പി.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.

വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പിച്ച മൂന്നംഗ സംഘം പിടിയില്‍

Written By Unknown on Sep 20, 2012 | 2:31 AM

തളിപ്പറമ്പ്: ആയുധങ്ങളുമായി പതിയിരുന്നു വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച 17കാരനുള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പള്ളിക്കുളത്തിലുള്ളവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പറശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തിനു സമീപമായിരുന്നു സംഭവം. പറശിനിക്കടവ് കുഴിച്ചാലിലെ ആദിത്യന്‍ ദിലീപി (20) നാണു വെട്ടേറ്റത്. നമ്പര്‍ പ്ലേറ്റ് മറച്ചുവച്ച പള്‍സര്‍ ബൈക്കിലെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയതിനാല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
ബഹളത്തെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ അക്രമി സംഘത്തെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ചിറക്കല്‍ പള്ളിക്കുളത്തെ പാറവളപ്പില്‍ സച്ചിന്‍ (20), സുഹൃത്ത് രഞ്ജിത് (18), പള്ളിക്കുളത്തെ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്. മൂവരും കണ്ണൂരിലെ ഒരു പാരലല്‍ കോളജ് വിദ്യാര്‍ഥികളാണ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: നേരത്തെ ആദിത്യന്‍ദിലീപുമായി പ്രണയത്തിലായിരുന്ന യുവതി പിന്നീട് ഇയാളെ തഴയുകയും സച്ചിനുമായി പ്രണയത്തിലാവുകയും ചെയ്തു. ഇതിന്റെ വിരോധത്തില്‍ ആദിത്യന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവത്രെ. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി സച്ചിനോടു പറഞ്ഞിരുന്നു. ഈ വിരോധമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ സച്ചിനെയും രഞ്ജിത്തിനെയും തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ ജുവനൈല്‍ ഹോമിലേക്കയച്ചു.

കാണാതായ അധ്യാപിക കാമുകനൊപ്പം കോടതിയില്‍

പാനൂര്‍: കണ്ണവത്ത് നിന്നും കാണാതായ അധ്യാപിക കാമുകനോടൊപ്പം ഹൈക്കോടതിയില്‍ ഹാജരായി. കണ്ണവത്തെ സഫീല (21) യാണു കാമുകനും അയല്‍വാസിയുമായ സിനിലിനോടൊപ്പം കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹാജരായത്. കഴിഞ്ഞ അഞ്ചിനാണു സഫീലയെ കാണാതായത്. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയിന്മേല്‍ കോടതി അന്വേഷണസംഘത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷണസംഘത്തിനു വേണ്ടി കണ്ണവം എസ്‌ഐ എസ്. ശിവദാസന്‍ ഹൈക്കോടതിയില്‍ ഹാജരായി റിപ്പോര്‍ട്ട് നല്‍കി. കോടതിയില്‍ ഹാജരായ സഫീലയെ നിബന്ധനകളോടെ മാതാവിനോടൊപ്പം വിട്ടയച്ചു. സഫീലയും സിനിലും മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. സഫീലയുടെ അനുമതി കൂടാതെ മറ്റൊരു വിവാഹം കഴിച്ചുകൊടുക്കരുതെന്നും രക്ഷിതാക്കളോട് കോടതി നിര്‍ദേശിച്ചു.

ബിഎസ്എന്‍എല്‍ ഫുള്‍ ടോക്ക്‌ടൈം ഓഫര്‍

കണ്ണൂര്‍: ബിഎസ്എന്‍എല്ലില്‍നിന്നും ഫുള്‍ടോക്ക് ടൈം ഓഫര്‍ വ്യാഴാഴയച മുതല്‍ നിലവില്‍ വന്നു. 110, 220, 440, 550 രൂപയുടെ ടോപ്പ് അപ്പുകള്‍ക്ക് ടാക്‌സുള്‍പ്പെടെ മുഴുവന്‍ തുകയ്ക്കും സമാനമായ സംസാരമൂല്യം ലഭിക്കും. പേപ്പര്‍ കൂപ്പണുകള്‍ വഴിയും സി-ടോപ്പ് അപ്പ് വഴിയുമുള്ള ഈ ആനുകൂല്യം 2012 ഡിസംബര്‍ 17 വരെ ലഭിക്കും.

കടയില്‍ സൂക്ഷിച്ച ആയിരത്തോളം പായ്ക്കറ്റ് ലഹരിവസ്തുക്കള്‍ പിടികൂടി

മട്ടന്നൂര്‍: അനധികൃതമായി കടയില്‍ സൂക്ഷിച്ച ലഹരിവസ്തുക്കള്‍ പോലീസ് പിടികൂടി. വളോര സ്വദേശിയായ റഹീസ് ചാവശേരി ടൗണില്‍ നടത്തുന്ന കടയില്‍നിന്നാണ് ആയിരത്തോളം പായ്ക്കറ്റ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ കെ.വി. പ്രമോദനും സംഘവും നടത്തിയ പരിശോധനയിലാണു കടയുടെ മുന്‍വശത്ത് ചാക്കില്‍ സൂക്ഷിച്ചനിലയില്‍ ലഹരി വസ്തുക്കള്‍ കണെ്ടത്തിയത്.
പാന്‍പരാഗ്, മധു, ഹാന്‍സ് തുടങ്ങിയ പായ്ക്കറ്റുകളാണു പിടികൂടിയത്. നിരോധിച്ച ലഹരിവസ്തുക്കള്‍ വ്യാപകമായി കടകളില്‍ നിന്നും വില്‍പന നടത്തുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന ഉറവിടത്തെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. കട ഉടമ റഹീസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.

ചാല ദുരന്തം: ഫോറന്‍സിക് റിപ്പോര്‍ട്ട് അടുത്തയാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറും.

കണ്ണൂര്‍: ചാലയില്‍ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചു 20 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് അടുത്തയാഴ്ച അവസാനത്തോടെ ക്രൈംബ്രാഞ്ചിനു കൈമാറും. ഫോറന്‍സിക് വിഭാഗം അന്വേഷണവുമായി ബന്ധപ്പെട്ട അവലോകനങ്ങളും വിലയിരുത്തലും തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് നടക്കും. ലോറിയുടെ അമിത വേഗതയും ടാങ്കറിന്റെ കാലപ്പഴക്കവുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തത്തിനിടയാക്കിയ ടാങ്കറിന്റെ ഡമ്മി ഉപയോഗിച്ചു അപകടം പുനസൃഷ്ടിച്ചായിരുന്നു ഫോറന്‍സിക് വിഭാഗം പരിശോധന പൂര്‍ത്തിയാക്കയത്. അതിനിടെ ടാങ്കര്‍ ലോറി പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും ബുള്ളറ്റ് ടാങ്കര്‍ നിര്‍മിച്ച ലോഹത്തില്‍ കലര്‍പ്പുണ്ടായിരുന്നുവെന്നുമുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നു അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഫിസിക്കല്‍ ലാബിലേക്കയക്കാനും ഫോറന്‍സിക് വിഭാഗം ശിപാര്‍ശ ചെയ്തു. പൂനെയിലെ പരിശോധനയ്ക്കു കാലതാമസം നേരിടുമെങ്കില്‍ മുംബൈ ഐഐടിയിലേക്കോ എളുപ്പം പരിശോധ പൂര്‍ത്തിയാക്കാന്‍ സാധ്യമാവുന്ന മറ്റേതെങ്കിലും ഐഐടി ലാബിലേക്കോ അയക്കാനാണ് തീരുമാനം. എന്നാല്‍ ഇതിന്റെ പരിശോധനാ ഫലം റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനെ ബാധിക്കില്ലെന്നു ഫോറന്‍സിക് വൃത്തങ്ങള്‍ വ്യക്തമാക്കി. ടാങ്കറില്‍ നിന്നു ഗ്യാസ് ലീക്കായതും തുടര്‍ന്നു പൊട്ടിത്തെറിയിലേക്കു നയിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ചിനു നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക. തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലെ എക്‌സ്‌പ്ലോസീവ് വിഭാഗം അസി. ഡയറക്ടര്‍ എം.കെ. അജിത് കുമാര്‍, ബി. ആര്യ (ഫിസിക്‌സ്) കണ്ണൂര്‍ ഫോറന്‍സിക് ലാബിലെ അസി. ഡയറക്ടര്‍മാരായ ടി. സച്ചിദാനന്ദന്‍ (കെമിസ്ട്രി), ഡോ. ജയചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമായിരുന്നു ചാലയിലെത്തി ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയത്.

രണ്ടാമത് ഇന്റനാഷണല്‍ ഹോര്‍ട്ടി എക്‌സ്‌പോ 21 ന് തുടങ്ങും

കണ്ണൂര്‍ : രണ്ടാമത് ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി എക്‌സ്‌പോ ഈ മാസം 21 മുതല്‍ 25 വരെ കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹോര്‍ട്ടി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ എ പി അബ്ദുള്ളകുട്ടി എം എല്‍ എ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷതവഹിക്കും. മന്ത്രി കെ.സി ജോസഫ്, എം.എല്‍.എമാരായ കോടിയേരി ബാലകൃഷ്ണന്‍, ജെയിംസ് മാത്യു. കെ.എം. ഷാജി, സി. കൃഷ്ണന്‍, ഇ.പി. ജയരാജന്‍, കെ.കെ. നാരായണന്‍, സണ്ണി ജോസഫ്, കെ. സുധാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സരള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ, അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രത ബിശ്വാസ്, അഗ്രിക്കള്‍ച്ചര്‍ സിക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍, ആര്‍. അജിത്കുമാര്‍, കെ.സി. വിജയന്‍, എം. പ്രകാശന്‍ മാസ്റ്റര്‍, കെ.എം സൂപ്പി, കെ.കെ. കുഞ്ഞിരാമന്‍, വെള്ളോറ രാജന്‍, വി.പി. ബാലന്‍മാസ്റ്റര്‍, സി.എ അജീര്‍, അബ്ദുള്‍ ഖാദര്‍, ഇ.പി.ആര്‍ വേശാല, എം. മുകുന്ദന്‍, പി.പി. ദിവാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരളത്തില്‍ ആദ്യമായി 2010ല്‍ തിരുവനന്തപുരത്താണ് ഹോര്‍ട്ടി എക്‌സ്‌പോ സംഘടിപ്പിച്ചത്. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനാണ് എക്‌സ്‌പോ നടത്തുന്നത്. 20 രൂപയാണ് പ്രവേശന ഫീസ്. വിവിധ കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, പച്ചക്കറികള്‍ കൊണ്ടുള്ള മത്സരങ്ങള്‍, പാചക മത്സരം, വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ആറോളം വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തെ ആകര്‍ഷണീയമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇരിട്ടിയില്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

Written By Unknown on Sep 18, 2012 | 11:46 PM

ഇരിട്ടി: വിദ്യാര്‍ഥികള്‍ അമിതമായി കയറിയെന്നാരോപിച്ച് ഇരിട്ടി പുതിയ ബസ്്സ്റ്റാന്റില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലേറ്റുമുട്ടി. ഇതേ തുടര്‍ന്ന് ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം നിലച്ചു. ചൊവ്വഴ്ച രാവിലെ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ പേരാവൂര്‍ റൂട്ടിലോടുന്ന ഒരു ബസില്‍ കയറിയതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്.
25കുട്ടികളില്‍ കൂടുതല്‍ കയറ്റാന്‍ പറ്റില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഏറെ നേരം ഇരു വിഭാഗവും അവരവരുടെ വാദത്തില്‍ ഉറച്ചു നിന്നതോടെ പേരാവൂര്‍ ഭാഗത്തേക്കുള്ള മറ്റു ബസുകള്‍ ഓട്ടം നിര്‍ത്തിവെയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് 15 കുട്ടികളില്‍ കൂടുതല്‍ ഒരു ബസിലും കയറ്റേണ്ടതില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റം പോലിസും വിദ്യാര്‍ഥികളും തമ്മിലായി. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലിസ് വിരട്ടിയോടിച്ചു. പിന്നീട് സ്റ്റാന്റിനകത്തുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും പോലിസ് മുന്‍കൈയെടുത്ത് ബസ് കയറ്റി വിട്ടു. ഒരു ബസില്‍ 15 കുട്ടികള്‍ വീതം കയറി വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരോട് സഹകരിക്കണമെന്ന് പോലിസ് അറിയിച്ചു.

ഒളിച്ചോടിയ യുവതിയെ ഉപയോഗിച്ച് പെണ്‍വാണിഭം: പിണറായില്‍ ആറംഗ സംഘം പിടിയില്‍

കണ്ണൂര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാര്‍ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പോലീസ് പിടിയിലായി.
ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിണറായി വെണ്ടുട്ടായിലെ വാടക വീട്ടില്‍ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. ആഗസ്റ്റ് നാലിന് താഴെ ചൊവ്വയിലെ കാര്‍ഡ്രൈവര്‍ നാസറിനൊപ്പം ഒളിച്ചോടിയ എളയാവൂര്‍ ഭൂവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ യുവതിയെയാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്. 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും തുണിത്തരങ്ങളും സഹിതമാണ് ഗള്‍ഫുകാരെന്റ ഭാര്യയായ യുവതി ഒളിച്ചോടിയയുവതിയെ കുപ്രസിദ്ധ പെണ്‍വാണിഭക്കാരി എടക്കാട്ടെ സാജിദയുടെ കേന്ദ്രത്തിലാണ് എത്തിപ്പെട്ടത്. സാജിദ വെണ്ടുട്ടായില്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ച് യുവതിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചതായി പോലീസിന് സൂചന ലഭിച്ചു. സംഘത്തെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ലീഗ് പ്രചാരണം വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കാനെന്ന് പി.ജയരാജന്‍

Written By Unknown on Sep 12, 2012 | 3:21 AM

കണ്ണൂര്‍: തലശ്ശേരിയില്‍ ആര്‍.എസ്.എസ്. സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോള്‍ കോഴിക്കൂട്ടില്‍ ഒളിച്ച ലീഗ് നേതാക്കള്‍ ഇപ്പോള്‍ സി.പി.എമ്മിനെതിരായി നടത്തുന്ന പ്രചാരണം വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കാനാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.
തലശ്ശേരിയില്‍ ആര്‍.എസ്.എസ്. സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോള്‍ കോഴിക്കൂട്ടില്‍ ഒളിച്ചവരാണ് ലീഗ് നേതാക്കള്‍. സംഘപരിവാര്‍ ശക്തികള്‍ കേരളീയസമൂഹത്തില്‍ നുഴഞ്ഞുകയറുന്നതിനെതിരെ പോരാടിയ സി.പി.എമ്മിന് കേരളത്തില്‍ 200 പ്രവര്‍ത്തകരുടെ ജീവത്യാഗമാണ് ഉണ്ടായത്. അത്തരം ഒരു പാര്‍ട്ടിയെ നരേന്ദ്രമോഡിയുടെ അനുയായികളാണെന്ന് പ്രചരിപ്പിച്ചാല്‍ അത് വിലപ്പോവില്ല അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ്. കണ്ണൂര്‍ ജില്ലയിലെ സദാചാരഗുണ്ടാ അക്രമണകേസിലെ പ്രതികളെല്ലാം ലീഗ് പ്രവര്‍ത്തകരാണ്. ഈ സത്യം സി.പി.എം. വിളിച്ചുപറയുമ്പോള്‍ വിറളിപിടിച്ചതുകൊണ്ട് കാര്യമില്ല. വ്യത്യസ്ത മതക്കാരായ യുവതീ യുവാക്കള്‍ പൊതുസ്ഥലത്ത് സംസാരിക്കുന്നത് പോലും അക്രമം കൊണ്ട് തടയുന്ന തീവ്രവാദ സമീപനത്തെ ലീഗ് നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ തെറ്റുകള്‍ തിരുത്തണം. സി.പി.എം. വര്‍ഗീയ തീവ്രവാദ ശക്തികളോട് സന്ധിചെയ്യുന്ന പ്രശ്‌നമില്ല ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവള സ്ഥലമെടുപ്പിനു കളക്ടറുടെ നേതൃത്വത്തില്‍ യോഗം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തുന്നതിനായി വിലനിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.
സ്ഥലമുടമകളെ പങ്കെടുപ്പിച്ച് 17, 18, 19 തീയതികളിലാണു ചര്‍ച്ച നടക്കുക. മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്ന 643 ഏക്കര്‍ ഭൂമിയുടെ നേരത്തെ നിശ്ചയിച്ച വില അപര്യാപ്തമാണെന്നു കാണിച്ച് സ്ഥലമുടമകള്‍ സ്ഥലമെടുപ്പിനെതിരേ രംഗത്തുവന്നതാണ് വീണ്ടുമൊരു ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. ഒന്നരവര്‍ഷം മുമ്പ് മൂന്നാംഘട്ടത്തില്‍ 733 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനു നടപടി സ്വീകരിക്കുകയും സര്‍വേ നടത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച തുക സെന്റിന് കുറഞ്ഞതിനാല്‍ സ്ഥലം ഉടമകള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ 140 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാംഘട്ടത്തില്‍ സ്ഥലമെടുക്കല്‍ ത്വരിതപ്പെടുത്തണമെന്നും ഉടമകളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കാണണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണു യോഗം വിളിച്ചുചേര്‍ത്തത്.
കീഴല്ലൂര്‍ പഞ്ചായത്തിലെ കാര-പേരാവൂര്‍, എളമ്പാറ, കുറ്റിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണു മൂന്നാംഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കുന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ കളക്ടര്‍ സംസ്ഥാന പര്‍ച്ചേഴ്‌സ് കമ്മിറ്റിക്ക് അയച്ചതിനു ശേഷമേ വില നിര്‍ണയത്തില്‍ തീരുമാനമാകുകയുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. ജില്ലാ പര്‍ച്ചേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അയയ്ക്കാനും സംസ്ഥാന പര്‍ച്ചേഴ്‌സ് കമ്മിറ്റി ചര്‍ച്ച ചെയ്യാനുമായി മാസങ്ങള്‍ എടുക്കുന്നതുകാരണം പദ്ധതി വൈകാന്‍ കാരണമാകും. ഉദ്യോഗസ്ഥതലത്തില്‍ പ്രവൃത്തി വൈകുന്നതാണു പദ്ധതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നത്.

മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ നാലാമത് ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ ഓഫീസിനു സമീപത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ചടങ്ങുകള്‍. പരിയാരം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ സിപിഎമ്മിലെ വി.എന്‍. സത്യനു റിട്ടേണിംഗ് ഓഫീസര്‍ എം. ശ്രീകുമാറും തുടര്‍ന്നു മറ്റ് അംഗങ്ങള്‍ക്കു സത്യനുമാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. സെക്രട്ടറി യു. സതീഷ് സ്വാഗതം പറഞ്ഞു.
കെ.കെ. ഷൈലജ, അബ്ദുള്‍റഹ്മാന്‍ കല്ലായി, എം. ദാമോദരന്‍ മാസ്റ്റര്‍, വി.ആര്‍. ഭാസ്‌ക്കരന്‍, വി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറുകണക്കിനാളുകള്‍ സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. യുഡിഎഫ് മെമ്പര്‍മാര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായിട്ടാണു ചടങ്ങിനെത്തിയത്.
എല്‍ഡിഎഫ് മെമ്പര്‍മാര്‍ നേരിട്ടു മുനിസിപ്പല്‍ ഓഫീസിലെത്തുകയായിരുന്നു. ആകെയുള്ള 34 മെമ്പര്‍മാരില്‍ നാലുപേര്‍ മാത്രമാണു കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്നത്. നഗരസഭയുടെ നാലാമതു ഭരണസമിതിയുടെ പ്രഥമ കൗണ്‍സില്‍ യോഗം മുതിര്‍ന്ന അംഗമായ വി.എന്‍. സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 15 നു നടക്കുന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വിഷയമാണ് ആദ്യ കൗണ്‍സിലില്‍ അജണ്ടയായി ഉണ്ടായിരുന്നത്.
മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്ത യോഗത്തില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചു റിട്ടേണിംഗ് ഓഫീസര്‍ കെ.എം. ശ്രീകുമാര്‍ വിശദീകരിച്ചു. സെക്രട്ടറി യു.എസ്. സതീശന്‍, സൂപ്രണ്ട് കെ. ശശീന്ദ്രന്‍ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുത്തു.

റെയ്ഡ്‌കോ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്

കണ്ണൂര്‍: റെയ്ഡ്‌കോ കേരള ലിമിറ്റഡ് തിരുവോണത്തിനോടനുബന്ധിച്ച് വിപണിയിലിറക്കിയ റെയ്ഡ്‌കോ ഫാമിലി ഓണം കിറ്റ് 2012 സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.പി. മനോജ്കുമാറിന്റെ സാന്നിധ്യത്തില്‍ റെയ്ഡ്‌കോ ചെയര്‍മാന്‍ പി.കെ. നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഒന്നാം സമ്മാനം ഗോദ്‌റെജ് റഫ്രിജറേറ്റര്‍ (കൂപ്പണ്‍ നമ്പര്‍: 17059). രണ്ടാം സമ്മാനം ഒരുഗ്രാം വീതം ഗോള്‍ഡ് കോയിന്‍ 10 പേര്‍ക്ക്. 10715, 17358, 15414, 25239, 16188, 20263, 26363, 28469, 21930, 10874.
മൂന്നാം സമ്മാനം: 13588, 10648, 24125, 27614, 11078, 22165, 24851, 11666, 17079, 14028, 17042, 18642, 11242, 24773, 11769, 21805, 21164, 23367, 23858, 11932, 10042, 20552, 19555, 23855, 17555. സമ്മാനാര്‍ഹമായ കൂപ്പണുകള്‍ തൊട്ടടുത്ത റെയ്ഡ്‌കോ ബ്രാഞ്ചുകള്‍/യൂണിറ്റുകള്‍, ഹെഡ് ഓഫീസ് എന്നിവിടങ്ങളില്‍ ഹാജരാക്കി ഈമാസം 30 നകം സമ്മാനങ്ങള്‍ കൈപ്പറ്റണം.

തര്‍ക്കത്തിനിടയാക്കിയ മദ്രസ്സ പൂട്ടിയിടാന്‍ ഉത്തരവ്

മാഹി: പന്തക്കല്‍ ഹസന്‍മുക്കിലെ മുസ്‌ലിം ആരാധനാലയം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തുറക്കരുതെന്നു റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അരുണാചലം ഉത്തരവിട്ടു. നേരത്തെ പരാതിയെത്തുടര്‍ന്ന് ഒരു മാസത്തോളം പൂട്ടിയിട്ട ആരാധനാലയം തിങ്കളാഴ്ച അഡ്മിനിസ്‌ട്രേറ്റരുടെ അനുമതിയോടെ തുറന്നിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തു സംഘര്‍ഷാവസ്ഥയുണ്ടായതിനെത്തുടര്‍ന്നാണു വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചത്.
നേരത്തെ മദ്രസയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ആരാധനാലയമാക്കി മാറ്റിയതിനെതിരേ ഹിന്ദു ഐക്യവേദിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ആരാധനാലയം തുറന്നതിനെ തുടര്‍ന്നു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇവിടെയുള്ള മദ്രസയുടെ പ്രവര്‍ത്തനം തടഞ്ഞതിന് ആറ് ഐക്യവേദി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ചു ഐക്യവേദി പ്രവര്‍ത്തകര്‍ റോഡ് ഉപരോധമുള്‍പ്പെടെ നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നു ചൊവ്വാഴ്ച റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അരുണാചലം ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ ഇനി ഒരറയിപ്പുണ്ടാകുന്നതു വരെ ആരാധനാലയം തുറക്കരുതെന്നു നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെപന്തക്കല്‍ വയലില്‍പീടികയില്‍ ബോംബേറില്‍ ബിജെപി പ്രവര്‍ത്തകനു പരിക്കേറ്റു. കുനിയില്‍ ഹൗസില്‍ ജിനീഷ് (24) ആണു പരിക്കേറ്റത്. രാത്രി 10.45 ഓടെയായിരുന്നു സംഭവം. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാല ദുരന്തം: ഫോറന്‍സിക് വിഭാഗം പരിശോധന തുടങ്ങി

കണ്ണൂര്‍: ഇരുപതുപേരുടെ മരണത്തിനിടയാക്കിയ ടാങ്കര്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താനായി ഫോറന്‍സിക് വിഭാഗം സ്ഥലത്ത് പരിശോധന തുടങ്ങി. സ്‌ഫോടന കേസുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്ന ഉന്നത ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച ചാലയിലെത്തി അന്വേഷണം തുടങ്ങിയത്. കണ്ണൂരിലെ ഫോറന്‍സിക് അസി. ഡയറക്ടര്‍ ടി. സച്ചിദാനന്ദന്‍ (കെമിസ്ട്രി), തിരുവനന്തപുരത്തെ അസി. ഡയറക്ടര്‍മാരായ ബി. ആര്യ (ഫിസിക്‌സ്), എം.കെ. അജിത് കുമാര്‍ (എക്‌സ്‌പ്ലോസിവ്), ഡോ. ജയചന്ദ്രന്‍ (ഫിസിക്‌സ്) എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡമ്മി ടാങ്കര്‍ ഉപയോഗിച്ചു അപകടം പുനസൃഷ്ടിച്ചായിരുന്നു പരിശോധന നടത്തിയത്. അപകടം നടന്ന സ്ഥലത്തു ദുരന്തത്തിനിടയാക്കിയ അതേ രീതിയിലുള്ള ടാങ്കറാണ് ഡമ്മി പരീക്ഷണത്തിനായി ഉപയോഗിച്ചത്. ടാങ്കര്‍ ഡിവൈഡറില്‍ കയറി മറിഞ്ഞാലുണ്ടാകുന്ന വാഹനത്തിന്റെ അവസ്ഥയും അപകടത്തിന്റെ വ്യാപ്തിയും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ദുരന്തത്തെ തുടര്‍ന്നു ഇവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഡിവൈഡര്‍ പൊളിച്ചു മാറ്റിയതിനാല്‍ താത്കാലിക ഡിവൈഡര്‍ സ്ഥാപിച്ചായിരുന്നു അപകടം പുനസൃഷ്ടിച്ചത്. കൂടാതെ ദുരന്തത്തില്‍ കത്തിയമര്‍ന്ന ടാങ്കറിന്റെ അവശിഷ്ടങ്ങള്‍, അപകടത്തിനിടയാക്കിയെന്നു പറയുന്ന റോഡിലെ കോണ്‍ക്രീറ്റ് ഡിവൈഡര്‍, തകര്‍ന്ന വീടുകള്‍, കരിഞ്ഞുണങ്ങിയ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. അപകടത്തിനിടയാക്കിയെന്നു പറയുന്ന ഡിവൈഡര്‍ ദുരന്തത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പൊളിച്ചു നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഡിവൈഡര്‍ നീക്കം ചെയ്തു കൊണ്ടിട്ട കുറ്റിക്കാട്ടില്‍ നിന്നും ഇതു തിരിച്ചെടുത്താണ് പരിശോധിച്ചത്. കൃത്രിമമായി ഉണ്ടാക്കിയ അപകടത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ച മറ്റു വിവരങ്ങള്‍, പ്രദേശത്തു നിന്നു ശേഖരിച്ച സാമ്പിളുകള്‍ എന്നിവയുടെ വിലയിരുത്തിയാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ടു തയാറാക്കുക. ബുധനാഴ്ചയും ഡമ്മി പരിശോധനയും സാമ്പിള്‍ ശേഖരണവും നടത്തും.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger