കണ്ണൂര്‍ വിമാനത്താവള സ്ഥലമെടുപ്പിനു കളക്ടറുടെ നേതൃത്വത്തില്‍ യോഗം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തുന്നതിനായി വിലനിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.
സ്ഥലമുടമകളെ പങ്കെടുപ്പിച്ച് 17, 18, 19 തീയതികളിലാണു ചര്‍ച്ച നടക്കുക. മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്ന 643 ഏക്കര്‍ ഭൂമിയുടെ നേരത്തെ നിശ്ചയിച്ച വില അപര്യാപ്തമാണെന്നു കാണിച്ച് സ്ഥലമുടമകള്‍ സ്ഥലമെടുപ്പിനെതിരേ രംഗത്തുവന്നതാണ് വീണ്ടുമൊരു ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. ഒന്നരവര്‍ഷം മുമ്പ് മൂന്നാംഘട്ടത്തില്‍ 733 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനു നടപടി സ്വീകരിക്കുകയും സര്‍വേ നടത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച തുക സെന്റിന് കുറഞ്ഞതിനാല്‍ സ്ഥലം ഉടമകള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ 140 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാംഘട്ടത്തില്‍ സ്ഥലമെടുക്കല്‍ ത്വരിതപ്പെടുത്തണമെന്നും ഉടമകളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കാണണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണു യോഗം വിളിച്ചുചേര്‍ത്തത്.
കീഴല്ലൂര്‍ പഞ്ചായത്തിലെ കാര-പേരാവൂര്‍, എളമ്പാറ, കുറ്റിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണു മൂന്നാംഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കുന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ കളക്ടര്‍ സംസ്ഥാന പര്‍ച്ചേഴ്‌സ് കമ്മിറ്റിക്ക് അയച്ചതിനു ശേഷമേ വില നിര്‍ണയത്തില്‍ തീരുമാനമാകുകയുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. ജില്ലാ പര്‍ച്ചേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അയയ്ക്കാനും സംസ്ഥാന പര്‍ച്ചേഴ്‌സ് കമ്മിറ്റി ചര്‍ച്ച ചെയ്യാനുമായി മാസങ്ങള്‍ എടുക്കുന്നതുകാരണം പദ്ധതി വൈകാന്‍ കാരണമാകും. ഉദ്യോഗസ്ഥതലത്തില്‍ പ്രവൃത്തി വൈകുന്നതാണു പദ്ധതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post