ചാല ദുരന്തം: ഫോറന്‍സിക് വിഭാഗം പരിശോധന തുടങ്ങി

കണ്ണൂര്‍: ഇരുപതുപേരുടെ മരണത്തിനിടയാക്കിയ ടാങ്കര്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താനായി ഫോറന്‍സിക് വിഭാഗം സ്ഥലത്ത് പരിശോധന തുടങ്ങി. സ്‌ഫോടന കേസുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്ന ഉന്നത ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച ചാലയിലെത്തി അന്വേഷണം തുടങ്ങിയത്. കണ്ണൂരിലെ ഫോറന്‍സിക് അസി. ഡയറക്ടര്‍ ടി. സച്ചിദാനന്ദന്‍ (കെമിസ്ട്രി), തിരുവനന്തപുരത്തെ അസി. ഡയറക്ടര്‍മാരായ ബി. ആര്യ (ഫിസിക്‌സ്), എം.കെ. അജിത് കുമാര്‍ (എക്‌സ്‌പ്ലോസിവ്), ഡോ. ജയചന്ദ്രന്‍ (ഫിസിക്‌സ്) എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡമ്മി ടാങ്കര്‍ ഉപയോഗിച്ചു അപകടം പുനസൃഷ്ടിച്ചായിരുന്നു പരിശോധന നടത്തിയത്. അപകടം നടന്ന സ്ഥലത്തു ദുരന്തത്തിനിടയാക്കിയ അതേ രീതിയിലുള്ള ടാങ്കറാണ് ഡമ്മി പരീക്ഷണത്തിനായി ഉപയോഗിച്ചത്. ടാങ്കര്‍ ഡിവൈഡറില്‍ കയറി മറിഞ്ഞാലുണ്ടാകുന്ന വാഹനത്തിന്റെ അവസ്ഥയും അപകടത്തിന്റെ വ്യാപ്തിയും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ദുരന്തത്തെ തുടര്‍ന്നു ഇവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഡിവൈഡര്‍ പൊളിച്ചു മാറ്റിയതിനാല്‍ താത്കാലിക ഡിവൈഡര്‍ സ്ഥാപിച്ചായിരുന്നു അപകടം പുനസൃഷ്ടിച്ചത്. കൂടാതെ ദുരന്തത്തില്‍ കത്തിയമര്‍ന്ന ടാങ്കറിന്റെ അവശിഷ്ടങ്ങള്‍, അപകടത്തിനിടയാക്കിയെന്നു പറയുന്ന റോഡിലെ കോണ്‍ക്രീറ്റ് ഡിവൈഡര്‍, തകര്‍ന്ന വീടുകള്‍, കരിഞ്ഞുണങ്ങിയ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. അപകടത്തിനിടയാക്കിയെന്നു പറയുന്ന ഡിവൈഡര്‍ ദുരന്തത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പൊളിച്ചു നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഡിവൈഡര്‍ നീക്കം ചെയ്തു കൊണ്ടിട്ട കുറ്റിക്കാട്ടില്‍ നിന്നും ഇതു തിരിച്ചെടുത്താണ് പരിശോധിച്ചത്. കൃത്രിമമായി ഉണ്ടാക്കിയ അപകടത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ച മറ്റു വിവരങ്ങള്‍, പ്രദേശത്തു നിന്നു ശേഖരിച്ച സാമ്പിളുകള്‍ എന്നിവയുടെ വിലയിരുത്തിയാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ടു തയാറാക്കുക. ബുധനാഴ്ചയും ഡമ്മി പരിശോധനയും സാമ്പിള്‍ ശേഖരണവും നടത്തും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post