മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ നാലാമത് ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ ഓഫീസിനു സമീപത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ചടങ്ങുകള്‍. പരിയാരം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ സിപിഎമ്മിലെ വി.എന്‍. സത്യനു റിട്ടേണിംഗ് ഓഫീസര്‍ എം. ശ്രീകുമാറും തുടര്‍ന്നു മറ്റ് അംഗങ്ങള്‍ക്കു സത്യനുമാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. സെക്രട്ടറി യു. സതീഷ് സ്വാഗതം പറഞ്ഞു.
കെ.കെ. ഷൈലജ, അബ്ദുള്‍റഹ്മാന്‍ കല്ലായി, എം. ദാമോദരന്‍ മാസ്റ്റര്‍, വി.ആര്‍. ഭാസ്‌ക്കരന്‍, വി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറുകണക്കിനാളുകള്‍ സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. യുഡിഎഫ് മെമ്പര്‍മാര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായിട്ടാണു ചടങ്ങിനെത്തിയത്.
എല്‍ഡിഎഫ് മെമ്പര്‍മാര്‍ നേരിട്ടു മുനിസിപ്പല്‍ ഓഫീസിലെത്തുകയായിരുന്നു. ആകെയുള്ള 34 മെമ്പര്‍മാരില്‍ നാലുപേര്‍ മാത്രമാണു കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്നത്. നഗരസഭയുടെ നാലാമതു ഭരണസമിതിയുടെ പ്രഥമ കൗണ്‍സില്‍ യോഗം മുതിര്‍ന്ന അംഗമായ വി.എന്‍. സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 15 നു നടക്കുന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വിഷയമാണ് ആദ്യ കൗണ്‍സിലില്‍ അജണ്ടയായി ഉണ്ടായിരുന്നത്.
മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്ത യോഗത്തില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചു റിട്ടേണിംഗ് ഓഫീസര്‍ കെ.എം. ശ്രീകുമാര്‍ വിശദീകരിച്ചു. സെക്രട്ടറി യു.എസ്. സതീശന്‍, സൂപ്രണ്ട് കെ. ശശീന്ദ്രന്‍ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post