കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ കോടതി വെളളിയാഴ്ച പരിഗണിക്കും. വ്യാഴാഴ്ച രാവിലെ അഡ്വ. ബി പി ശശീന്ദ്രന്‍ മുഖേനയാണ് ജയരാജന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ജാമ്യാപേക്ഷ നല്‍കിയത്. സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഹാജരായി. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ചിലയിടങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കം തടയുന്നുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ബുധനാഴ്ച രാത്രിയില്‍ മട്ടന്നൂര്‍ ചാവശ്ശേരി, കോട്ടം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസും കണ്ണൂര്‍ ടൗണില്‍ സി.പി.എം ഓഫിസും തകര്‍ത്തു. കുറ്റിയാട്ടൂര്‍ മാണിയൂരില്‍ അഞ്ചോളം വീടുകള്‍ ആക്രമിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കില്‍ മാത്രമേ കേന്ദ്രസേനയെ വിന്യസിക്കൂകയുള്ളൂവെന്നും ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ധവാന്‍ കണ്ണൂരില്‍ പറഞ്ഞു. രണ്ടു കമ്പനി കേന്ദ്രസേനയാണ് ബുധനാഴ്ച രാത്രിയോടെ കോയമ്പത്തൂരില്‍ നിന്ന് കണ്ണൂരിലെത്തിയത്. ബുധനാഴ്ച വൈകീട്ട് നിരോധനാജ്ഞ ലംഘിച്ച് എസ്.പി ഓഫിസിലേക്കു മാര്‍ച്ച് നടത്തിയതിനു സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന സമിതിയംഗങ്ങളായ എം വി ജയരാജന്‍, കെ കെ ശൈലജ തുടങ്ങി ആയിരത്തോളം പേര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു.
إرسال تعليق