കണ്ണൂര്‍ സബ്ജയിലില്‍നിന്ന് മോഷണക്കേസിലെ പ്രതി തടവുചാടി

കണ്ണൂര്‍: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി കണ്ണൂര്‍ സബ്ജയിലില്‍ നിന്ന് തടവുചാടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ദിനേഷ്‌കുമാറാ(20)ണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. കണ്ണൂര്‍, വളപട്ടണം പോലീസ് സ്റ്റേഷനുകളിലായി ആറ് മോഷണക്കേസുകളില്‍ പ്രതിയാണ് ദിനേഷ്‌കുമാര്‍.

ജയിലില്‍ ശുചീകരണജോലികള്‍ക്കായി വ്യാഴാഴ്ച തടവുകാരെ പുറത്തിറക്കിയിരുന്നു. മലിനജലം നീക്കിയശേഷം കുളികഴിഞ്ഞ് ടോയ്‌ലറ്റില്‍ പോവുകയാണെന്ന മട്ടില്‍ നീങ്ങിയ ദിനേഷ് കുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു. മതിലിന് മുകളില്‍ കയറി കണ്ണൂര്‍ തഹസില്‍ദാര്‍ ഓഫീസിന് സമീപത്തുകൂടി രക്ഷപ്പെട്ടതായാണ് കരുതുന്നത്. താലൂക്ക് ഓഫീസിന്റെ മേല്‍ക്കൂര മതിലിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ഇതുവഴി മുമ്പും തടവുകാര്‍ രക്ഷപ്പെട്ടിട്ടുണ്ട്.

പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ജയില്‍ ജീവനക്കാരും കൂടി തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. റിമാന്‍ഡിലായി കണ്ണൂര്‍ സബ് ജയിലിലെത്തിയിട്ട് ആറുമാസമായി. ഇടക്കാലത്ത് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നെങ്കിലും ഒരുമാസം മുമ്പ് തിരികെ മാറ്റി. സംഭവത്തെക്കുറിച്ച് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി. ശിവദാസ് കെ.തൈപ്പറമ്പില്‍ ജയിലിലെത്തി അന്വേഷണം നടത്തി. അന്വേഷണറിപ്പോര്‍ട്ട് ജയില്‍ എ.ഡി.ജി.പി.ക്ക് കൈമാറി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم