സ്ഥിതി നിയന്ത്രണത്തിലെന്ന് എഡിജിപി, 50 കേസുകള്‍, 5000 പ്രതികള്‍

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 24 മണിക്കൂറിനിടെ ജില്ലയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫിസുകള്‍ തകര്‍ത്തു. രാവിലെ വരെ ജില്ലാ പൊലീസ് ആസ്ഥാനത്തു ലഭ്യമായ ഔദ്യോഗിക കണക്കു പ്രകാരം 54 ഓഫിസുകളാണു തകര്‍ന്നത്. കോണ്‍ഗ്രസിന്റെ 37, മുസ്ലിം ലീഗിന്റെ 13, സിപിഎമ്മിന്റെയും ജനതാദളിന്റെയും രണ്ടു വീതം ഓഫിസുകളാണ് തകര്‍ത്തത്.
ബുധനാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 ഓളം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അയ്യായിരത്തോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്‌
അതേ സമയം, ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് എഡിജിപി രാജേഷ് ദിവാന്‍ അറിയിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ കേന്ദ്രസേനയെ പുറത്തിറക്കാതെ സായുധ സേനാ ക്യാംപില്‍ വിശ്രമത്തിനു വിട്ടു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമായതിനാല്‍ ഇപ്പോള്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും, വേണ്ടി വന്നാല്‍ ഉപയോഗപ്പെടുത്താന്‍ കരുതലായി മാത്രമാണു കേന്ദ്രസേനയെ വിളിച്ചതെന്നും എഡിജിപി പറഞ്ഞു. 265 പേരടങ്ങുന്ന കേന്ദ്രസംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണു കണ്ണൂരിലെത്തിയത്. രാവിലെ 9.45നു ഫ്‌ളാഗ് മാര്‍ച്ചിനു തയാറായി ജില്ലാ പൊലീസ് ആസ്ഥാനത്ത് അണിനിരന്നെങ്കിലും എഡിജിപി, ഐജി ജോസ് ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു തല്‍ക്കാലം കേന്ദ്രസേനയെ വിന്യസിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
കേന്ദ്രസേന മൂന്നു ദിവസം കൂടി ജില്ലയിലുണ്ടാവുമെന്ന് എഡിജിപി അറിയിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം പൂര്‍ണമായി തടയാന്‍ പൊലീസിനു കഴിയില്ലെന്നും എഡിജിപി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനും വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ നോക്കുന്നതിനും പൊലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിനുമാണു പൊലീസ് മുന്‍ഗണന നല്‍കുന്നത്. പൊലീസ് സ്‌റ്റേഷനുകള്‍ക്കു നേരെയുള്ള ആക്രമത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم