വിശുദ്ധിയുടെ നിറവസന്തത്തിന് വിശ്വാസികള്‍ സ്വാഗതമോതി

കണ്ണൂര്‍: നോമ്പിനു തൊട്ടുമുമ്പത്തെ വെള്ളിയാഴ്ച മസ്ജിദുകളില്‍ വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു.അവര്‍ സന്തോഷത്തോടെ വിശുദ്ധ റംസാന്‍ മാസത്തിന് സ്വാഗതമോതി. ഇമാമുമാര്‍ റംസാനിന്റെ പവിത്രതകളെ കുറിച്ച് ഉത്‌ബോധനം നടത്തി.
ശഅബാനിന്റെ ഇരുപത്തി ഒമ്പാതാം ദിനവും കഴിഞ്ഞതോടെ പുണ്യമാസത്തിന്റെ ചന്ദ്രിക മാനത്ത് തെളിഞ്ഞു. ഖാസിമാര്‍ റംസാന്‍ പിറ കണ്ടതായി പ്രഖ്യാപിച്ചതോടെ പളളി മിനാരങ്ങളില്‍ നിന്നും പരിശുദ്ധ മാസത്തിന്റെ വിളംബരവുമായി തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. വിശ്വാസികള്‍ക്ക് അഹ്‌ളാദത്തിന്റെ നിമിഷങ്ങള്‍. അവര്‍ പളളികളിലേക്ക് ഒഴുകി, റംസാനിന്റെ ആദ്യദിനത്തിലെ തറാവീഅ് നമസ്‌കാരത്തിന് എത്തിയവരെ കൊണ്ട് പളളികള്‍ നിറഞ്ഞു കവിഞ്ഞു.
ഇനിയുളള ഒരു മാസക്കാല പരമദയാപരന്റെ കൃപാകടാക്ഷത്തില്‍ നിന്നുള്ള അളവറ്റ അനുഗ്രഹങ്ങളുമായി നന്മയുടെ നിറവസന്തം വീശുന്ന പുണ്യങ്ങളുടെ പൂക്കാലംം. മണ്ണിലും വിണ്ണിലും ഇനി നാഥന്റെ സങ്കീര്‍ത്തനങ്ങളുയരുന്ന പ്രാര്‍ഥനാനിര്‍ഭര രാപ്പകലുകള്‍.
തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ ശനിയാഴ്ച റമസാന്‍ ഒന്നായി ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പാളയം ഇമാം ജമാലുദ്ദീന്‍ ഫാറൂഖി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസിറുദ്ദീന്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കെ പി ഹംസ മുസ്‌ല്യാര്‍ (കണ്ണൂര്‍), ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി (മലപ്പുറം), എന്‍ അലി മുസ്‌ല്യാര്‍ (പാലക്കാട്), ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു.
സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെളളിയാഴ്ച റമസാന്‍ ആരംഭിച്ചിരുന്നു. ഒമാനില്‍ ശനിയാഴ്ചയാണ് നോമ്പ് തുടങ്ങുക.

ലോക ജനസംഖ്യയില്‍ 28.73 ശതമാനം വരുന്ന ലോക മുസ്‌ലിംകള്‍ക്കു മാറ്റത്തിന്റെ ആണ്ടറുതിയാണ് റമസാന്‍. ആത്മീയവും ഭൗതികവുമായ ജീവിതക്രമങ്ങളില്‍ മൂല്യങ്ങളിലേക്കുള്ള വീണ്ടുവിചാരത്തിന്റേയും സദ്പന്ഥാവിലേക്കുള്ള സമര്‍പ്പണത്തിന്റേയും വാതായനങ്ങളാണു വിശ്വാസിക്കു മുമ്പില്‍ വിശുദ്ധമാസം തുറന്നിടുന്നത്.
1000 മാസങ്ങളേക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര്‍ അഥവാ വിധിനിര്‍ണയ രാവും തറാവീഹ് നമസ്‌കാരവുമൊക്കെ റമസാന്റെ മാത്രം സവിശേഷത. മുസ്‌ലിമിന്റെ അടിസ്ഥാനപ്രമാണമായ ഖുര്‍ആന്‍ അവതീര്‍ണമായത് റമസാനിലെന്നത് ഈ മാസത്തിന്റെ മാഹാത്മ്യം ഉദ്‌ഘോഷിക്കുന്നു.

ആത്മസംസ്‌കരണത്തിനും ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സുവര്‍ണാവസരം പാഴാക്കാതെ യുവാക്കളും ബഹുജനങ്ങളും ജീവിതംകൊണ്ട് റമസാനെ നെഞ്ചേറ്റണമെന്നു നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കരമന അശ്‌റഫ് മൗലവി, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസയ്ന്‍ മടവൂര്‍, ടി ആരിഫലി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി റമദാന്‍ സന്ദേശത്തില്‍ ആഹ്വാനംചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post