ഉമ്മയും രണ്ടര വയസുള്ള മകനും കിണറ്റില്‍ മരിച്ചനിലയില്‍

ഇരിക്കൂര്‍: ഉമ്മയെയും രണ്ടര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ നുച്ചിയാട് കപ്പണ സ്വദേശി മൂപ്പന്റകത്ത് ഫൗസിയ (30), മകന്‍ മുഹമ്മദ് നഫീല്‍ എന്നിവരെയാണ് ഫൗസിയയുടെ ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ മദ്രസ അധ്യാപകന്‍ മുഹമ്മദാണ് ഫൗസിയയുടെ ഭര്‍ത്താവ്. ഇരിക്കൂര്‍ പടിയൂരിനടുത്ത കൊമ്പന്‍പാറയിലാണ് മുഹമ്മദിന്റെ വീട്. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരമാണത്രെ മുഹമ്മദ് ഈ വീട്ടില്‍ വരാറുള്ളത്. പ്രസ്തുത ദിവസം ഉച്ചയോടെ ഫൗസിയ മകനൊപ്പം ഭര്‍തൃഗൃഹത്തില്‍ വരും. വ്യാഴാഴ്ച ഉച്ചയോടെ സഹോദരന്‍ ഫൈസലാണ് ഫൗസിയ, മകന്‍ മുഹമ്മദ് നഫീല്‍ എന്നിവരെ കൊമ്പന്‍പാറയിലെ വീട്ടില്‍ എത്തിച്ചത്. ഫൈസല്‍ തിരിച്ചു പോവുകയും ചെയ്തു. ഈ വീട്ടില്‍ മുഹമ്മദിന്റെ ജ്യേഷ്ഠന്റെ ഭാര്യയും രണ്ട് മക്കളും താമസിക്കുന്നുണ്ട്. ജ്യേഷ്ഠന്‍ ഗള്‍ഫിലാണ്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എന്തോ കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് അയല്‍വാസികളെ വിവരം അറിയിച്ചു. കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് ഫൗസിയയും മകനുമാണ് കിണറ്റിലെന്ന് മനസിലായത്. വിവരം അറിഞ്ഞ് നാലു മണിയോടെ ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും കുട്ടി വെള്ളത്തില്‍ പൊങ്ങിയിരുന്നു.വെള്ളത്തിനടിയിലായിരുന്ന ഫൗസിയയെ പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. മുഹമ്മദ്ബീമ ദമ്പതികളുടെ മകളാണ് ഫൗസിയ. സഹോദരങ്ങള്‍: തസ്‌ലീമ, റാബിയ, ഫൈസല്‍, റുബീന. ഫൗസിയയുടെ ഏക മകനാണ് മുഹമ്മദ് നഫീല്‍.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم