സ്വത്തിനും ജീവനും സംരക്ഷണം നല്‍കുകയെന്നതാണ് പോലീസിന്റെ കടമ: കെ സി ജോസഫ്

കണ്ണൂര്‍ : ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഏതൊരു പൗരന്റെയും സ്വത്തിനും ജീവനും സംരക്ഷണം നല്‍കുകയെന്നതാണ് പോലീസിന്റെ കടമയെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് . കേരളാ പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള സംസ്ഥാന യോഗം പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കേസുകളുടേയും അന്വേഷണം അടുത്തകാലത്തായി ശരിയായ രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിങ്ങള്‍ക്ക് ഭാര്യയും മക്കളുമുണ്ടെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മന്ത്രി അസന്നിഗ്ദ്ധമായി പറഞ്ഞു.
ഭീഷണി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ സംരക്ഷണം നല്‍കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ന്യായമായ സമരങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും എതിരല്ല. വൈദ്യുതി ചാര്‍ജ് വര്‍ധനവ് ഗവര്‍മ്മെന്റ് ആഗ്രഹിച്ചതല്ല. ദൗര്‍ഭാഗ്യവശാല്‍ അത്‌വേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ മണ്‍സൂണ്‍ ലഭിക്കാത്തതും കൂടിയ വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതുമാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനിടയാക്കിയത്. ഇതിനെതിരെ ചിലര്‍ നടത്തുന്ന സമരത്തിന് ന്യായീകരണമുണ്ടാകാം. എന്നാലത് അതിരുവിട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പൗരസ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താന്‍ ഗവര്‍മ്മെന്റ് ആഗ്രഹിക്കുന്നില്ല. മന്ത്രി പറഞ്ഞു.
ഈയടുത്ത കാലത്തായി പോലീസിന്റെ വിശ്വാസ്യതക്ക് ഉയര്‍ച്ച വന്നിട്ടുണ്ട്. ഇതിന്റെ കാരണം മഹത്തായ സേവനമാണ്. പോലീസില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരും ഉണ്ടാകും. എന്നാല്‍ നീതിപൂര്‍വമായി ചുമതല വഹിക്കാന്‍ എല്ലാവരും തയാറാകണം മാനസിക പിരിമുറുക്കം ഏറെയുള്ളതാണ് പോലീസിന്റെ ജോലി. എന്നാല്‍ ഒരുനിമിഷം പോലും അവര്‍ക്ക് സ്വസ്ഥമായി നില്‍ക്കാന്‍ കഴിയില്ല. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവധി ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അനുഭാവപൂര്‍ണമായ സമീപനമുണ്ടാകുമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم