ആറളം ക്ഷേത്ര കവര്‍ച്ച; നാലംഗ സംഘം അറസ്‌ററില്‍

ഇരിട്ടി: ഇരിട്ടി ഏച്ചില്ലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍. ആറളം അമ്പലക്കണ്ടി സ്വദേശി മീത്തലെപുരയില്‍ വിനോദ് (34), തൃശൂര്‍ തളിക്കുളം മൂലക്കാമ്പള്ളി ഹൗസില്‍ ഷംസുദ്ദീന്‍ (45), കമ്പില്‍ കണ്ണാടിപ്പറമ്പ് പഴയപുരയില്‍ മധു (38), വീരാജ്‌പേട്ട മേലാട്ട് കുന്നേല്‍ ഹൗസില്‍ രവീന്ദ്ര (38) എന്നിവരെയാണ് ഇരിട്ടി സി.ഐ: വി.വി. മനോജും എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ആറിന് പുലര്‍ച്ചെയായിരുന്നു ചുറ്റമ്പലത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ശ്രീകോവിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് പഞ്ചലോഹ വിഗ്രഹം കവര്‍ന്നത്. അന്വേഷണം നടത്തുന്നതിന് ഇടയില്‍ പ്രദേശവാസിയായ വിനോദ് ചില കേസുകളില്‍ പ്രതിയാണെന്ന് പോലീസ് മനസ്സിലാക്കി. ഇയാള്‍ നാട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കിയ പോലീസ് നാട്ടില്‍ എത്തിയാല്‍ വിവരം നല്‍കാന്‍ നാട്ടുകാരെ ഏര്‍പ്പാടാക്കി. വ്യാഴാഴ്ച വൈകുന്നേരം വിനോദ് നാട്ടില്‍ എത്തിയ കാര്യം നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ കവര്‍ച്ചക്കാരെന്ന മട്ടില്‍ വിനോദുമായി ബന്ധപ്പെട്ടു. ഒരു കവര്‍ച്ചയില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചു. അങ്ങനെ കാര്യങ്ങള്‍ സംസാരിച്ചതോടെ ഏച്ചില്ലം ക്ഷേത്ര കവര്‍ച്ചയില്‍ തനിക്ക് പങ്കുള്ള കാര്യം വിനോദ് സൂചിപ്പിച്ചു. തുടര്‍ന്ന് വിനോദിനെ രാത്രിയോടെ പിടികൂടി. പിന്നീട് വിനോദിനെ കൊണ്ട് മറ്റ് പ്രതികളെ വിളിപ്പിച്ച് വെളളിയാഴ്ച രാവിലെ ഇരിട്ടിയില്‍ വരുത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കെ.എ.04 എന്‍. 4203 കാര്‍ കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി രവീന്ദ്രയുടെ സുഹൃത്തിന്റേതാണ് കാര്‍. പ്രതികള്‍ മടിക്കേരി കക്കദയിലെ ലാലിന്റെ കീഴില്‍ ആശാരിപ്പണി നടത്തിവരികയായിരുന്നു. പണി കുറഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസം നേരിട്ടു. ഈ സമയം വിനോദാണ് തന്റെ വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താമെന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നത്. തുടര്‍ന്ന് നാലിന് രാത്രി ഇവര്‍ സ്ഥലത്തെത്തുകയും ആറിന് പുലര്‍ച്ചെ കവര്‍ച്ച നടത്തുകയുമായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചലോഹ വിഗ്രഹം പിന്നീട് വില്‍ക്കാമെന്ന ധാരണയില്‍ കക്കദെ നാലടിപ്പുഴയുടെ കരയില്‍ കുഴിച്ചിടുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. വിനോദ് 200910ത്തില്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച ഒമ്പത് കേസുകളിലും ഒരു അബ്ക്കാരിക്കേസിലും പ്രതിയാണ്. എസ്.പിയുടെ സ്‌ക്വാഡിലെ ബേബി ജോര്‍ജ്ജ് , റാഫി അഹ്മദ്, റജീസ് സ്‌ക്കറിയ, കെ. ജയരാജന്‍, വിനോദ്കുമാര്‍, ജോസ്, ബെന്നി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم