പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പരിയാരം: മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വെളളിയാഴ്ച രാവിലെ 11.30 ഓടെ ഏമ്പേറ്റില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തിയത്. പോലീസ് ബാരികേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന പ്രസിഡണ്ട് വി.എസ്. ജോയി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ സമരക്കാരില്‍ ചിലര്‍ ബാരിക്കേഡ് മറികടന്ന് ചാടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പോലീസിന് നേരെ കല്ലുകള്‍ വീണു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സമരം അക്രമാസക്തമായി. മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. അതേസമയം പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെവെള്ളം ചീറ്റിയത് പ്രതിഷേധത്തിനിടയാക്കി. 12.10 ഓടെ സമരക്കാര്‍ പിരിഞ്ഞുപോയി. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി: പി.സി. ബാബു, സി.ഐമാരായ എ.വി. ജോണ്‍ (തളിപ്പറമ്പ), സി.ഐ: കെ. ദാമോദരന്‍ (ആലക്കോട്), സി.ഐ: ധനഞ്ജയബാബു (പയ്യന്നൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. അഡ്വ. എ.എന്‍. രോഹിത്, വിനീഷ് ചുള്ളിയാട്, വി. രാഹുല്‍, പി.വി. അമേഷ്, റോബര്‍ട്ട് വെള്ളാമ്പള്ളി നേതൃത്വം നല്‍കി. പി.കെ. രാഹുല്‍ സ്വാഗതം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم