സി പി എം നേതാവിന്റെ പീഡനം ; മഹിളാ അസോസിയേഷന്‍ നിലപാട് വ്യക്തമാക്കണം


കണ്ണൂര്‍ : സി പി എമ്മിന്റെ മഹിളാ സംഘടനകള്‍ മൗനത്തിന്റെ വാല്‍മീകം വെടിഞ്ഞ് പുറത്ത്കടക്കണമെന്നും സി പി എം നേതാവിന്റെ മകന്റെ സ്ത്രീപീഡനസംഭവത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വനിതാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇക്കാര്യം വിവരിച്ച് പത്രസമ്മേളനം നടത്തിയതിന് സി പി എം ജില്ലാസിക്രട്ടറി പി ജയരാജന്‍ അയച്ച വക്കീല്‍നോട്ടീസിന് നിയമപരമായ മറുപടി നല്‍കും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരാതികൊടുക്കാന്‍ സമ്മതിക്കാതെ ഒളിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് ധൈര്യമായി സംഭവം പറയാന്‍ അവസരം ഉണ്ടാവട്ടെ എന്ന് കരുതിയാണ് താന്‍ പത്രസമ്മേളനം നടത്തിയത്. എല്ലാകാലത്തും സത്യത്തെ ഒളിപ്പിക്കാന്‍ സി പി എമ്മിന് കഴിയില്ല. ഇക്കാര്യത്തില്‍ സി പി എം മഹിളാസംഘടനകള്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും അവര്‍ പറഞ്ഞു. കൊല്ലത്തെ കെ എസ് യു നേതാവിന്റെ സ്ത്രീപീഡനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അയാളെ സംഘടനയില്‍ നിന്ന് പുറത്താക്കുന്ന കാര്യം എന്‍ എസ് യു നേതാവ് ഉറപ്പ് തന്നിട്ടുണ്ടെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
സ്ത്രീപീഡനത്തിനും കൊലപാതകത്തിനുമെതിരെ മഹിളാകോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് തങ്കമ്മ വേലായുധന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സിക്രട്ടറി സതീശന്‍ പാച്ചേനി, സുമ ബാലകൃഷ്ണന്‍, ഫാത്തിമ റോഷന്‍, ടി സുലോചന, കൃഷ്ണകുമാരി, കെ വി ഫിലോമിന, ലിസി ജോസഫ്, ലിസി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم