എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം യു ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കുന്നു

കണ്ണൂര്‍: എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം തകര്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണതൊഴിലാളി യൂണിയന്‍(എ ഐ ടി യു സി) നേതൃത്വത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളോട് നിഷേധാത്മകമായ സമീപനമാണ് ഈ സര്‍ക്കാരിന്റെത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്.
കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി ദിവസവേതനനിരക്കില്‍ കുറേപേരെ നിയമിച്ചിരിക്കുന്നു. ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് ഒരാളുണ്ടോ എന്നുപോലും സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.
സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നയങ്ങളാണ് നടപ്പിലാക്കപ്പെടുന്നത്. സാധാരണ തൊഴിലാളിക്കും കൂലിവേലക്കാരനും ഇവിടെ ജീവിക്കാന്‍ പറ്റാത്തരീതിയില്‍ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. കൂനിന്മേല്‍ കുരു പോലെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും നടപ്പിലായതോടെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. 85 ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളുടെ കുടുംബബഡ്ജറ്റ് താളം തെറ്റിയിരിക്കുകയാണ്. കൃഷിക്കാരുടെ ആത്മഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെയെല്ലാം അട്ടിമറിച്ച് കാര്‍ഷികരംഗവും തകര്‍ക്കുകയാണ് യു ഡി എഫ്. എല്ലാ രംഗങ്ങളിലും ജനദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന യു ഡി എഫ് ഗവണ്‍മെന്റിനെതിരെ തൊഴിലാളികള്‍ പ്രക്ഷോഭം ശക്തമാക്കണമെന്നും സി എന്‍ ചന്ദ്രന്‍ പറഞ്ഞു.
മണല്‍, പാറ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, നിര്‍മ്മാണസാമഗ്രികളുടെ വിലക്കയറ്റം തടയുക, പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുക, ക്ഷേമനിധി അംഗത്വം പുതുക്കുവാന്‍ നിലവിലുള്ള സംവിധാനം തുടരുക, നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ബോണസ് ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി ബാലന്‍ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണന്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി മുരളി, എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ജില്ല ജനറല്‍ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ തൊഴിലളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കരുണാകരന്‍ നന്ദി പറഞ്ഞു. മാര്‍ച്ചിന് കെ ലക്ഷ്മണന്‍, തയ്യില്‍ രാഘവന്‍, കെ വി ശാന്ത, കെ കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم