ബസ് പണിമുടക്കിനെ തുടര്‍ന്നു സംഘര്‍ഷം, പഴയങ്ങാടിയില്‍ പോലീസ് ലാത്തി വീശി

പഴയങ്ങാടി: പഴയങ്ങാടിയില്‍ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നു ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘര്‍ഷം. സര്‍വീസ് നടത്താന്‍ തയാറായ ബസുകളെ ഒരുസംഘം തടഞ്ഞതോടെയാണു സംഘര്‍ഷം ഉടലെടുത്തത്്. ബസ് തടയാന്‍ ശ്രമിച്ചവരെ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ചോദ്യംചെയ്തതോടെ സംഭവം കൈയാങ്കളിയുടെ വക്കോളമെത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എസ്‌ഐ എം. അനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ലാത്തിവീശി പ്രശ്‌നക്കാരെ വിരട്ടിയോടിക്കുകയായിരുന്നു. മുട്ടം-എട്ടിക്കുളം ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തുന്ന ബസുകളാണ് പണിമുടക്കിയത്.
ഞായറാഴ്ച വൈകുന്നേരം കണ്ണൂര്‍-എട്ടിക്കുളം റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് എതിരെവരുന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോള്‍ റോഡിന് സമീപത്തുള്ള കടകളിലും ആളുകളുടെ ദേഹത്തും ചെളിവെള്ളം തെറിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് തിരിച്ചു വരുമ്പോള്‍ ഒരു സംഘം ബസ് തടയുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണു ജീവനക്കാര്‍ പണിമുടക്കിയത്. ജീവനക്കാരെ ഒരുസംഘമാളുകള്‍ മര്‍ദിച്ചതായി ആരോപിച്ചു പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പണിമുടക്കിനെക്കുറിച്ചു ബസ് ഉടമസ്ഥ അസോസിയേഷന്‍ അറിഞ്ഞിരുന്നില്ലെന്നു ഭാരവാഹികള്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ബസുകള്‍ പണിമുടക്കിയതു വിദ്യാര്‍ഥികളും ജീവനക്കാരും അടങ്ങുന്നയാത്രക്കാരെദുരിതത്തിലാക്കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم