വീട്ടില്‍ കയറി വധഭീഷണി, അക്രമം, ഒരാള്‍ അറസ്റ്റില്‍

ഇരിട്ടി: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുംപറമ്പിലെ പൈകയില്‍ ജോസിന്റെ വീട്ടില്‍ അതിക്രമം കാണിച്ചതിന് അയല്‍വാസിയായ ബിജുവിനെയാണു പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി ബിജുവിന്റെ നേതൃത്വത്തില്‍ ജോസിന്റെ വീട്ടിലെത്തിയ അഞ്ചംഗ സംഘം ജോസിനെ വധിക്കുമെന്നു ഭീഷണി മുഴക്കുകയും ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഡ്രൈവറായ ജോസ് സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ ലിസിയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചില്ലുകള്‍ തെറിച്ചു ലിസിക്കും മകന്‍ ജസ്റ്റിനും പരിക്കേറ്റിരുന്നു. ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലിസിയും ജസ്റ്റിനും ആശുപത്രിയിലേക്കു പോകാനായി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഡ്രൈവര്‍ ആശുപത്രിയിലെത്തിക്കാതെ റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രതികള്‍ക്കു സമീപം ഇറക്കിവിട്ടതായും പരാതിയുണ്ട്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ട് ആശുപത്രിയില്‍ പോയാല്‍ മതിയെന്നു പറഞ്ഞ ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനു സമീപം നില്‍ക്കുകയായിരുന്ന ബിജുവിനും സംഘത്തിനും സമീപം വണ്ടി നിര്‍ത്തിയിട്ടതായാണു പരാതി. പിന്നീട് ഇതുവഴി വന്ന ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറിയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ബസ് ജീവനക്കാരോടു ലിസി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവരാണു പോലീസില്‍ വിവരമറിയിച്ചത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم