രണ്ടുമാസംമുമ്പ് നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ തകര്‍ന്ന് രണ്ടു തൊഴിലാളികള്‍ക്കു പരിക്ക്

കണ്ണൂര്‍: നഗരസഭയ്ക്കുവേണ്ടി രണ്ടുമാസംമുമ്പ് നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ക്കു പരിക്കേറ്റു. കോഴിക്കോട്ടെ ട്രാവന്‍കൂര്‍ കമ്യൂണിക്കേഷന്‍ എകെജി ആശുപത്രി ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ച ബസ് ഷെല്‍ട്ടറാണ് അറ്റകുറ്റ പണിക്കിടെ തകര്‍ന്നത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
അറ്റകുറ്റപണിക്കായി ഷെല്‍ട്ടറിനു മുകളില്‍ കയറി തൊഴിലാളി ജോലി ചെയ്യുന്നതിനിടെ പൊട്ടി വീഴുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ കൈയുടെ എല്ലു പൊട്ടിയ നിലയിലാണ്. കീഴെ ഉണ്ടായിരുന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇരുവരും കൊയിലി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം സ്വദേശമായ കോഴിക്കോട്ടേക്കു പോയി. നേരത്തെ എസ്പിസിഎ ജംഗ്ഷനില്‍ സ്ഥാപിച്ച ബസ് ഷെല്‍ട്ടറും നിലംപൊത്തിയിരുന്നു.നഗരത്തില്‍ അഞ്ചു സ്ഥലത്തു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗജന്യമായാണു നഗരത്തിലെ 22 സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ പണിയാന്‍ ട്രാവന്‍കൂര്‍ കമ്യൂണിക്കേഷന്‍ തീരുമാനിച്ചത്. പത്തുവര്‍ഷത്തേക്കാണു കരാര്‍.
ഷെല്‍ട്ടറിനു മുകളില്‍ പരസ്യം സ്ഥാപിച്ചാണ് ഇതിനായുള്ള തുക ഏജന്‍സി കണ്ടെത്തുന്നത്. നിശ്ചിത വരുമാനം ഇതുവഴി നഗരസഭയ്ക്കും ലഭിക്കും. എന്നാല്‍ നിര്‍മിച്ചു രണ്ടുമാസം പൂര്‍ത്തിയാകുന്നതിനു മുമ്പു ബസ് ഷെല്‍ട്ടര്‍ തകര്‍ന്നുവീണത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു തൂണുകള്‍ക്കു മുകളിലാണു മേല്‍ക്കൂര സ്ഥാപിക്കുന്നതെന്നും കച്ചവടക്കാരുടെ എതിര്‍പ്പുമൂലം ഇവിടെ മൂന്നാമത്തെ തൂണ്‍ സ്ഥാപിക്കാന്‍ പറ്റാത്തതാണ് ഷെല്‍ട്ടര്‍ തകരാന്‍ കാരണമെന്നു നഗരസഭാധ്യക്ഷ എം.സി. ശ്രീജ പറഞ്ഞു.

കടയ്ക്കു കാഴ്ച ഉണ്ടാകില്ലെന്നു പറഞ്ഞു ഷെല്‍ട്ടര്‍ പണിയുന്ന സമയത്തു മൂന്നാമത്തെ തൂണ്‍ സ്ഥാപിക്കുന്നതു തടഞ്ഞിരുന്നു. മൂന്നാമത്തെ തൂണ്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനിടയിലാണ് ഞായറാഴ്ച ബസ് ഷെല്‍ട്ടര്‍ തകര്‍ന്നു വീണത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم