സ്‌കൂള്‍ ടീച്ചറുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിച്ചു

തളിപ്പറമ്പ് : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ അജ്ഞാത സംഘം അഗ്‌നിക്കിരയാക്കിയതില്‍ ദുരൂഹത. തളിപ്പറമ്പ് വടക്കാന്‍ചേരി റോഡില്‍ താമസിക്കുന്ന ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ ടീച്ചര്‍ സീനത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മരുമക്കളുടെ ബൈക്കുകളാണ് അഗ്‌നിക്കിരയാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം. ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ രണ്ട് ബൈക്കുകളും മുകളില്‍ കെട്ടിയിരിക്കുന്ന ടാര്‍പായയും കത്തിയെരിയുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വെള്ളമെടുത്ത് തീ കെടുത്തുകയായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. സാധാരണ നിലയില്‍ ടീച്ചറിന്റെ ഭര്‍ത്താവിന്റെ ഇന്നോവകാറാണ് ഇവിടെ നിര്‍ത്തിയിടുന്നത്. സംഭവദിവസം കാര്‍ ഭര്‍ത്താവിന്റെ വീട്ടിലായതിനാല്‍ വന്‍ നഷ്ടം ഒഴിവായി. സീനത്തും കുടുംബവും ഈ വീട്ടിലേക്ക് താമസം മാറിയിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. മകളുടെ കല്യാണആവശ്യത്തിനാണ് താമസം മാറിയത്. മരുമക്കളായ കെ പി മുസ്തഫയുടെ കെ എല്‍ 59 ഡി 2034 നമ്പര്‍ ഹീറോഹോണ്ട ബൈക്കും സി എച്ച് ബഷീറിന്റെ കെ എല്‍ 13 എസ് 9048 പാഷന്‍ ബൈക്കുമാണ് അഗ്‌നിക്കിരയാക്കിയത്. തളിപ്പറമ്പ് എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇരുവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും ഇല്ലെന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ ഇന്ന് ഉച്ചയോടെ എത്തിച്ചേരുമെന്നും എസ് ഐ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم