സിപിഎം എന്നും ഉന്മൂലനം ചെയ്തത് തൊഴിലാളി വര്‍ഗ്ഗത്തെ: വി.മുരളീധരന്‍

തളിപ്പറമ്പ്: സിപിഎം അവര്‍ക്ക് സ്വാധീനമുള്ളിടത്തെല്ലാം എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തം എല്ലാകാലത്തും നടപ്പിലാക്കിയിട്ടുണ്ടെന്നും ഇവര്‍ കേരളത്തില്‍ കൊന്നൊടുക്കിയവരെല്ലാം തൊഴിലാളിവര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു.ജയകൃഷ്ണന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, ടി.അശ്വിനികുമാര്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്രയുടെ ഇന്നലത്തെ സമാപനപരിപാടി തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരിയില്‍ സിപിഎം കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് കേവലം ഒരു പപ്പട തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ വധിച്ചുകൊണ്ടായിരുന്നു. അതിനുശേഷം നടപ്പിലാക്കിയ കൊലപാതകങ്ങളെല്ലാം തൊഴിലാളി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്നതുകൊണ്ട് മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്നും ലീഗിന് സ്വാധീനമുള്ള മറ്റൊരു ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് പ്രത്യേക പരിഗണന വേണമെന്നുമുള്ള മുസ്ലിംലീഗിന്റെ ആവശ്യം ബാലിശമാണ്. ഭൂമിശാസ്ത്രപരമായി ഒരു ജില്ലയുടെ വിസ്തീര്‍ണം കുറച്ചതുകൊണ്ട് മാത്രം വികസനം വരില്ല. വികസനത്തിന് നിരവധി മാനദണ്ഡങ്ങളുണ്ട്. കാലാകാലം നിയമസഭയില്‍ തെരഞ്ഞെടുത്ത് അയക്കപ്പെടുന്നവരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനവും കാഴ്ചപ്പാടും അതില്‍ പ്രധാനമാണ്. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്നുവെന്ന കാരണം പറഞ്ഞാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. എന്നിട്ടും വികസനമുണ്ടായില്ലെങ്കില്‍ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടുപോയവരുടെ കഴിവുകേടാണ് ഇതിന് കാരണം. പുതിയൊരു ജില്ലകൂടി രൂപീകരിക്കുകയെന്നത് ഭരണപരമായ ചിലവുകള്‍ ഇരട്ടിപ്പിക്കുകയായിരിക്കും ഫലം.
മലബാറിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് മലബാര്‍ സംസ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടാല്‍ യുഡിഎഫ് അതും അംഗീകരിക്കുമോയെന്ന് മുരളീധരന്‍ ചോദിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും എന്നും മതതീവ്രവാദം പ്രോത്സാഹിപ്പിച്ച ചരിത്രമാണുള്ളത്. മതതീവ്രവാദികളെ വളര്‍ത്തുന്നതിലും അതിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലും ഈ രണ്ടുപാര്‍ട്ടികളും മത്സരത്തിലായിരുന്നു. ഇവര്‍ രണ്ടുപേരും കൈക്കൊണ്ട ഭരണനടപടികളും ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് വളര്‍ത്താനെ ഉപകരിച്ചിട്ടുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. എം.രാഘവന്‍ അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധന്‍, പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم