തലശേരി പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം

തലശേരി: പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ തലശേരി ടൗണ്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമത്തില്‍ ഒരു പോലീസുകാരനു പരിക്കേറ്റു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ സി. ബിജുവി(34)നാണു പരിക്കേറ്റത്. വലതു കണ്ണിനുതാഴെ പരിക്കേറ്റ ബിജുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 11 എഐവൈഎഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞയറാഴ്ച വൈകുന്നേരം മൂന്നരയോടെയാണു സംഭവം. ഓഗസ്റ്റ് 15 ന്റെ പരിപാടിയുടെ പ്രചാരണ ബോര്‍ഡുകളാണ് ശനിയാഴ്ച രാത്രി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും പോലീസ് നീക്കിയത്. പുതിയ ബസ്സ്റ്റാന്‍ഡിലെ സിപിഐ ഓഫീസ് വളപ്പില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകളും പോലീസ് നീക്കിയതായി എഐെൈവഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഞയറാഴ്ച വൈകുന്നേരം മൂന്നരയോടെ എഐവൈഎഫ് തലശേരി മണ്ഡലം പ്രസിഡന്റ് കണ്ട്യന്‍ സജീവന്‍, സെക്രട്ടറി പി.കെ. മിഥുന്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം വരുന്ന പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി, പ്രചാരണ ബോര്‍ഡുകള്‍ തിരിച്ചു നല്കണമെന്ന് ആവശ്യപ്പെട്ടു.
സിപിഐ ഓഫീസ് കോമ്പൗണ്ടില്‍ നിന്നെടുത്ത ബോര്‍ഡെങ്കിലും തിരിച്ചു നല്കണമെന്ന ആവശ്യത്തില്‍ നേതാക്കള്‍ ഉറച്ചുനിന്നു. പ്രിന്‍സിപ്പല്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് ഈ ആവശ്യം നിരസിച്ചതോടെയാണു പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പോലീസ് സ്‌റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചത്. സ്റ്റേഷനു മുന്നില്‍ സമരം പാടില്ലെന്ന നിലപാടുമായി രംഗത്തെത്തിയ പോലീസ് സമരക്കാരെ ബലമായി പിടിച്ച് സ്റ്റേഷനില്‍ കയറ്റുകയും ചെയ്തു. ഇതിനിടയില്‍ കൊടി കെട്ടിയ കമ്പ് കണ്ണില്‍ കൊണ്ടാണു പോലീസുകാരനു പരിക്കേറ്റതെന്നു പറയുന്നു
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഗ്രാമിക ടി.വി കാമറാമാന്‍ ഷനലിനേയും പോലീസുകാര്‍ തള്ളിമാറ്റി മര്‍ദിച്ചതായി പരാതിയുണ്ട്്. പിന്നീട് ഷനലിനെ നിര്‍ബന്ധിച്ച് ഒരു പേപ്പറില്‍ ഒപ്പിടുവിച്ചതായും ആരോപണമുണ്ട്. പോലീസ് സ്‌റ്റേഷനിലുള്ളിലേക്ക് കയറ്റുന്നതിനിടയില്‍ എഐവൈഎഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതായി സിപിഐ നേതാക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് സിപിഐ നേതാക്കളായ സി.എന്‍ ചന്ദ്രന്‍, സി.പി. ഷൈജന്‍, പുതുക്കുടി പ്രദീപന്‍ തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
സിപിഎം തലശേരി നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എം. പവിത്രന്‍, വാഴയില്‍ വാസു എന്നിവര്‍ നേതൃത്വം നല്കി. ഗ്രാമിക ടിവി കാമറാമാന്‍ ഷനലിനെ മര്‍ദിച്ച സംഭവത്തില്‍ തലശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തറും സെക്രട്ടറി കെ.ജെ. ജോര്‍ജും പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇരുവരും അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم