ഫസല്‍ വധം: സി.പി.എം പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങി

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പ്രതികളായ റിമാന്‍ഡില്‍ കഴിയവെ ഹൈക്കോടതി ജാമ്യം അനുവദിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേററംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരനും ജാമ്യത്തിലിറങ്ങി. കൊച്ചിയില്‍ നിന്നും പ്രത്യേക വാഹനത്തിലാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിച്ചത്. ഇന്നലെ ഉച്ചമുതല്‍ നേതാക്കള്‍ ജാമ്യത്തിലറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ ജയിലിലെത്തിയിരുന്നു. രാത്രി ഏഴരയോടെയാണ് ജാമ്യ ഉത്തരവെത്തിയത്. ഏഴേമുക്കാലോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാരായി രാജനും കാരായി ചന്ദ്രശേഖരനും ജയിലില്‍ നിന്നും പുറത്തിറങ്ങി. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും രക്തഹാരം ചാര്‍ത്തി. തുടര്‍ന്ന് ഇരുവരെയും ആനയിച്ചു നടന്ന ബഹുജനപ്രകടനം കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാകോളേജിനു മുമ്പില്‍ സമാപിച്ചു.

സ്വീകരണയോഗം ഇ പി ജയരാജന്‍ എംഎ.എ ഉദ്ഘാടനം ചെയ്തു. എം. വി ജയരാജന്‍, എംഎ.എമാരായ ജയിംസ് മാത്യു, കെ കെ നാരായണന്‍, ടി വി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. കാരായി രാജന്റെ ഭാര്യ രമ, മക്കളായ മേഘ, അഭിജിത് സഫ്ദര്‍, കാരായി ചന്ദ്രശേഖരന്റെ ഭാര്യ അനിത, മകള്‍ ജിന്‍സി, പേരക്കുട്ടി നബ്ര എന്നിവരും ഇരുവരെയും സ്വീകരിക്കാനെത്തിയിരുന്നു. കാരായി രാജന്റെ സഹോദരന്‍ കാരായി ബാലന്റെയും ചന്ദ്രശേഖരന്റെ സഹോദരന്‍ പുരുഷോത്തമന്റെയും നേതൃത്വത്തിലാണ് എറണാകുളത്തുനിന്നും ജാമ്യ ഉത്തരവ് കൊണ്ടുവന്നത്.

സിപി എം കണ്ണൂര്‍ ജില്ലാ കമ്മിററി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. ശനിയാഴ്ച രാവിലെ പരശുറാം എക്‌സ് പ്രസില്‍ ഇരുവരും എറണാകുളത്തേക്കു പോകും.
CPM workers

തലശേരി സെയ്താര്‍പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ 2006 ഒക്ടോബര്‍ 22ന് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചാണ് ഇരുവരെയും കളളക്കേസില്‍പ്പെടുത്തിയത്. 2012 ജൂണ്‍ 22നാണ് സിബിഐ സംഘം ഇവരെ ജയിലിലടച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് എറണാകുളം സിബിഐ മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായ രണ്ടുപേര്‍ക്കും ജാമ്യം നിഷേധിക്കപ്പെട്ടു. കഴിഞ്ഞദിവസമാണ് കര്‍ശനവ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Keywords: Kerala, Kannur, Fazal murder, CPM, Leader, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم