കണ്ണൂര്‍: രാജ്യത്തെ ഭൂരഹിത ജനങ്ങളിലാത്ത ആദ്യജില്ലകളായി കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉടന്‍ മാറുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയില്‍ ഭൂമിയില്ലാത്തവരായി കണ്ടെത്തിയ 11,100 കുടുംബങ്ങള്‍ക്ക് സീറോ ലാന്‍ഡ് പദ്ധതി പ്രകാരം ഭൂമി അനുവദിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.
ഈ മാസം അവസാനത്തോടെ ജവഹര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഭൂമി വിതരണം നടത്തും. ഇതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലക
ളിലെ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും മൂന്ന് സെന്റ് വീതം ഭൂമി വിതരണം പൂര്‍ത്തിയാക്കും. ഇതിനായി റവന്യൂ വകുപ്പ് ജില്ലയില്‍ 500 ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞു.
താനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം തളിപ്പറമ്പ് കയരളത്തെ 12 ഏക്കര്‍ റവന്യൂ ഭൂമി സന്ദര്‍ശിക്കുകയും ഇവിടെ 292 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തുകയും ചെയ്തു. ഭൂമിക്ക് അര്‍ഹത നേടിയവരെ മുന്‍ഗണനാ ക്രമത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തും.
കഴിഞ്ഞകാലങ്ങളില്‍ ഭൂരഹിതര്‍ക്ക് അനുവദിച്ച ഭൂമിയില്‍ പലതും ഉപയോഗിക്കാതെ കിടക്കുകയും പട്ടയം വാങ്ങിയ ശേഷം കൈവശപ്പെടാത്ത സാഹചര്യമുണ്ടാവുകയും പിന്നീട് ഭൂമി കിട്ടിയില്ലെന്ന് പരാതി പറയുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇതു തുടര്‍വിതരണത്തിന് ഭൂമി കണ്ടെത്തുന്നതിന് തടസമാകുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ ഭൂമി നല്‍കുന്നവരില്‍ നിന്നും സത്യപ്രസ്താവന എഴുതി വാങ്ങും. കണ്ണൂരിലെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് നവംബര്‍ 10 ന് കലക്ടറേറില്‍ ജനപ്രതിനിധികളുടെയോഗം വിളിച്ചു ചേര്‍ക്കും. കണ്ണൂര്‍ താലൂക്കില്‍ 5004 കുടുംബങ്ങള്‍ ഭൂരഹിത പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തലശ്ശേരി താലൂക്കില്‍ 3154 ഉം തളിപ്പറമ്പില്‍ 2942 ഉം അപേക്ഷകളാണുളളത്.
ഇതില്‍ 124 പേര്‍ അഗതികളും 184 പേര്‍ വിവിധ രോഗങ്ങള്‍ ബാധിച്ചവരും 101 കുടുംബങ്ങള്‍ 50 ശതമാനം വൈകല്യം ബാധിച്ചവര്‍ അംഗങ്ങളായുളള കുടുംബങ്ങളുമാണ്. 1029 വിധവകള്‍, 775 പട്ടികജാതി, 88 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും അപേക്ഷകരില്‍പ്പെടും. ആറളം ഫാമില്‍ ഏതാനും മാസം മുമ്പ് 85 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി വിതരണം ചെയ്തിട്ടുണ്ട്.
അപേക്ഷകര്‍ക്ക് അവരവരുടെ വില്ലേജില്‍ ഭൂമി വിതരണം ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കും.
കാസര്‍കോട് ജില്ലയില്‍ 10,000 അപേക്ഷകര്‍ മാത്രമാണ് നിലവിലുളളത്.
വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, സബ് കലക്ടര്‍ പി.വി.അനുപമ, എഡിഎം മുഹമ്മദ് അസ്ലം തുടങ്ങിയവരും സംബന്ധിച്ചു.
إرسال تعليق