രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണം: മുല്ലപ്പള്ളി

കണ്ണൂര്‍: സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരുടെയും ആഗ്രഹമാണ്. താനും അത് ആഗ്രഹിക്കുന്നു. കണ്ണൂരില്‍ ഡി. സി. സി. ഓഫീസ് സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Mullapally Ramchandran

ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അന്തിമമായി തീരുമാനിക്കേണ്ടത് ഹൈക്കാമാന്‍ഡ് ആണ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമോയെന്ന ചോദ്യത്തിന് അദ്ദേഹം അക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തല്‍സ്ഥാനത്തു നിന്ന് മാറുമോയെന്ന ചോദ്യത്തില്‍ നിന്ന് മുല്ലപ്പള്ളി ഒഴിഞ്ഞുമാറി.

ഇന്ത്യക്ക് തന്നെ മാതൃകയായ ഭരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. ഭരണത്തെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. ഉമ്മന്‍ചാണ്ടി തുടരണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തട്ടിപ്പുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വന്‍തോതില്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ സോളാര്‍ തട്ടിപ്പിന്റെ പേരില്‍ സമരത്തിന് ഇറങ്ങുന്നവര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന തട്ടിപ്പുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ് ചെയ്തത്.

സോളാര്‍ തട്ടിപ്പു കേസ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒതുക്കാന്‍ ശ്രമിച്ചതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ധീരമായ നടപടിയാണ്. ഇതിനെ അഭിനന്ദിക്കുന്നതിനു പകരം വിമര്‍ശിക്കുന്നത് ശരിയല്ല. സോളാര്‍ തട്ടിപ്പു കേസ് തുടക്കം മുതല്‍ അന്വേഷിക്കണം. കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സോളാര്‍ കേസന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡി.സി.സി.ഓഫീസിലെത്തിയ മുല്ലപ്പള്ളിയെ പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍, എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍. എ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Keywords: Kannur, Kerala, Mullapalli Ramachandran, Ramesh Chennithala, KPCC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم