കണ്ണൂര്‍: നഗരവികസനത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ 13 ബങ്കുകള്‍ നീക്കം ചെയ്യാന്‍ ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ യോഗം തീരുമാനിച്ചു. നഗരത്തെ സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി സര്‍വ്വേ നടപടികള്‍ തുടരുകയാണ്. വികസനത്തിന് തടസ്സം നില്‍ക്കുന്ന ബങ്കുകള്‍ നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നഗരസഭയ്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
പ്രഭാത് ബുക്ക് സെന്റര്‍, ഹാന്‍ടെക്‌സ്, രാമാനന്ദ ടെക്സ്സ്റ്റയില്‍, മഹിളാസംഘം, കണ്ണൂര്‍ ബേക്കറി വര്‍ക്കേഴ്‌സ് സൊസൈറ്റി, കണ്ണൂര്‍ ജില്ലാ ഹോള്‍സെയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി, പാപ്പിനിശ്ശേരി വുമണ്‍ ഇന്റസ്ട്രീസ് സൊസൈറ്റി, പി. എസ്. ലോട്ടറി, ഫീനിക്‌സ് ഹോട്ട് ആന്റ് കൂള്‍ബാര്‍ തുടങ്ങിയ ബങ്കുകള്‍ നീക്കം ചെയ്യാനാണ് തീരുമാനിച്ചത്. നീക്കം ചെയ്യേണ്ട ബങ്കുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. റവന്യു ഭൂമിയിലാണ് ബങ്കുകളെന്നതുകൊണ്ടുതന്നെ ജില്ലാ ഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടി എടുക്കാവുന്നതാണെന്ന് കാണിച്ച് നഗരസഭ കലക്ടര്‍ക്ക് കത്തു നല്‍കും.
താവക്കര ഭാഗത്ത് 100 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കാനും നഗരസഭാ യോഗം തീരുമാനിച്ചു. പി.ഡബ്‌ള്യു.സി. കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. താവക്കരയില്‍ രാത്രിനേരങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ലെന്ന പരാതി വ്യാപകമായിരുന്നു. താവക്കരയില്‍ സാമൂഹ്യവിരുദ്ധരും താവളമാക്കുന്നുവെന്ന പരാതി ശക്തമായപ്പോഴാണ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികളുമായി നഗരസഭ രംഗത്തുവന്നത്.
നഗരത്തില്‍ ലോറികളുടെ പാര്‍ക്കിങ്ങിന് ഫീസ് ചുമത്താന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ സ്‌റ്റേഡിയം കോര്‍ണര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യാറുണ്ടെങ്കിലും വര്‍ഷങ്ങളായി ഇതിന് ഫീസ് ചുമത്തിയിരുന്നില്ല. ടെണ്ടര്‍ ക്ഷണിച്ചിട്ടും ലേലം കൊള്ളാന്‍ ആളില്ലാത്തതായിരുന്നു കാരണം. നിശ്ചിത തുക നല്‍കി ഫീസ് പിരിക്കാന്‍ തയ്യാറായി ഒരാള്‍ നഗരസഭയെ സമീപിച്ചിട്ടുണ്ട്.
പഴയകാല കൗണ്‍സിലറായിരുന്ന കെ.പി. നാരായണന്റെ നിര്യാണത്തില്‍ നഗരസഭാ യോഗം അനുശോചിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ അദ്ധ്യക്ഷതവഹിച്ചു. സി.സമീര്‍, ടി.ഒ.മോഹനന്‍, ഏറന്പള്ളി രവീന്ദ്രന്‍, ടി.കെ.നൂറുന്നീസ, ടി.കെ. നൗഷാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കേടുത്ത് സംസാരിച്ചു.
Keywords: Kerala, Kannur, Abdulla Kutti, MLA, Collector, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق