സി.ബി.ഐയെ നാലാംതരം ഏജന്‍സിയാക്കി പ്രതികാരത്തിന് ഉപയോഗിക്കുന്നു: പിണറായി

കണ്ണൂര്‍: ഊര്‍ധശ്വാസം വലിക്കുന്ന കേന്ദ്രസര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ തയ്യാറാകാത്ത ഘടകകക്ഷികളെ സി.ബി.ഐയെ ഉപയോഗിച്ച് പ്രതികാരം നടത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇതിന് തെളിവാണ് കഴിഞ്ഞദിവസം സ്റ്റാലിന്റെ വീട്ടില്‍ നടന്ന റെയ്‌ഡെന്നും പിണറായി പറഞ്ഞു. എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാകുന്ന കക്ഷികള്‍ക്കുള്ള താക്കീതു കൂടിയാണ് റെയ്ഡ്. പുതിയ വാഹനം ഇറക്കിയതാണ് റെയ്ഡിനു കാരണമായി സി.ബി.ഐ പറയുന്നത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസെന്നും പിണറായി കുറ്റപ്പെടുത്തി.

മഹാനായ മനുഷ്യസ്‌നേഹിയായ എ.കെ.ജിയെ പ്രത്യേക മതവിഭാഗത്തിന്റെ ആളായി അപമാനിക്കാന്‍ സംഭവബഹുലമായ ജീവിതത്തെ താഴ്ത്തികെട്ടാനുമുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത് എന്നീ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എ.കെ.ജി അപമാനിക്കുന്ന ഇത്തരം നിലപാടുകളെ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി, കെ.കെ. ശൈലജ, കെ.പി. സഹദേവന്‍, കെ.കെ. രാഗേഷ്, എം.വി. ജയരാജന്‍, ജയിംസ് മാത്യു എം.എല്‍.എ, ടി.വി. രാജേഷ് എം.എല്‍.എ, എം. പ്രകാശന്‍, എന്‍. ചന്ദ്‌റന്‍, എ.എന്‍. ഷംസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, UPS, Govt, CBI, Pinarai Vijayan, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم