മലയോരത്ത് ഉരുള്‍പൊട്ടല്‍: കനത്ത നാശം

ഇരിട്ടി: കണ്ണൂരിന്റെ മലയോര മേഖലയില്‍ കര്‍ണാടക വനമേഖലയോട് തൊട്ട പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം. തലശ്ശേരി താലൂക്കില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 24 വീടുകള്‍ തകര്‍ന്നു. ഈ മേഖലയിലെ പുഴകളിലൊക്കെ ജലനിരപ്പ് ഉയന്നിട്ടുണ്ട്. പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടു.
അയ്യംകുന്ന് പഞ്ചായത്തിലെ ആനപ്പന്തി കവലക്കടുത്തുള്ള വാഴയില്‍ പാലം ഒലിച്ചുപോയി. ഞായറാഴ്ച രാത്രി മുതല്‍ ഈ മേഖലയില്‍ കനത്ത പേമാരിയായിരുന്നു. പുഴയില്‍ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. പാലത്തിനൊപ്പം ഒരു കാറും സ്‌കൂട്ടറും ഒലിച്ചുപോയതായി സൂചനയുണ്ട്. ഈ കാറില്‍ യാത്രക്കാരുമുണ്ടായിരുന്നുവത്രെ. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ചെളിയും മണ്ണും നിറഞ്ഞ ജലപ്രവാഹമാണ് സമീപ പ്രദേശങ്ങളിലേക്ക് ഒഴുകുന്നത്. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മട്ടന്നൂര്‍ ഫയര്‍സ്‌റ്റേഷനിലെ ഫയര്‍മാന്‍ സന്ദീപിന് പരിക്കേറ്റു. ഒലിച്ചുപോയ കാറില്‍ യാത്രക്കാരുണ്ടായിരുന്നുവെന്ന നിഗമനത്തില്‍ ഇരിട്ടി പുഴയിലടക്കം സമീപ മേഖലയിലെ ജലാശയങ്ങളിലൊക്കെ തിരച്ചില്‍ നടത്തുന്നുണ്ട്.
തലശ്ശേരി താലൂക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നഷ്ടം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പഴശ്ശി ശുദ്ധജല പദ്ധതിയുടെ ഷട്ടറുകള്‍ തുറന്നുവിട്ടു. ഷട്ടര്‍ തുറന്നുവിട്ടതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തലശ്ശേരി താലൂക്കിലെ മൊകേരി, വള്ള്യായി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ആദ്യ റിപ്പോര്‍ട്ട്.
കൂട്ടുപുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് ഈ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. റബ്ബര്‍, കവുങ്ങ്, വാഴ തുടങ്ങിയ വിളകള്‍ നിലംപൊത്തി. കാലവര്‍ഷം തുടങ്ങിയിട്ട് ഇതാദ്യമായാണ് ജില്ലയില്‍ കനത്ത മഴയും നാശനഷ്ടങ്ങളും ഉണ്ടായത്. ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടായ മേഖലയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
അതിനിടെ വീണ്ടും ഉരുള്‍ പൊട്ടല്‍ ഉണ്ടാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വള്ളിത്തോടിനടുത്ത് കുട്ടികള്‍ പുഴയില്‍ ഒലിച്ചുപോയതായും സംശയമുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post