ലോക്കപ്പ് മര്‍ദനം: പൊലീസുകാര്‍ക്ക് എതിരെ നടപടി വേണം: സിപിഐ എം

കണ്ണൂര്‍: നിയമവിരുദ്ധമായ ലോക്കപ്പ് മര്‍ദനങ്ങള്‍ക്കും ലാത്തിച്ചാര്‍ജിനും നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിപിഐ എം നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.തലശ്ശേരി ഡിവൈഎസ്പി ഷൗക്കത്തലി, കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍, തലശ്ശേരി സിഐ എം വി വിനോദ്, പയ്യന്നൂര്‍ സിഐ ധനഞജ്‌യ ബാബു, കേളകം എസ്‌ഐ ഈസ അമേരി, തലശ്ശേരി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ്, പയ്യന്നൂര്‍ എസ്‌ഐ ഷിജു, കണ്ണൂര്‍ ടൗണ്‍ എസ്‌ഐ സനല്‍, ചക്കരക്കല്‍ എസ് ഐ രാജീവ്, പേരാവൂര്‍ എഎസ്‌ഐ നാണു, മട്ടന്നൂര്‍ എസ്‌ഐ സിജു എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സിപിഐ എം വേട്ടയും കിരാതമര്‍ദനവും നടത്തിയത്.
സിപിഐ എം പ്രവര്‍ത്തകരെ പിടികൂടിയാല്‍ ക്രൈം രജിസ്റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനില്‍ കൊണ്ടുപോകാതെ അകലെയുള്ള സ്‌റ്റേഷനില്‍ കൊണ്ടുപോകുംവഴി വണ്ടിയിലിട്ടു മര്‍ദിക്കുകയായിരുന്നു. പയ്യന്നൂരില്‍ പിടികൂടിയാല്‍ തളിപ്പറമ്പിലും വളപട്ടണത്ത് നിന്ന് പിടികൂടിയാല്‍ കണ്ണൂരിലുമാണ് കൊണ്ടുപോയി മര്‍ദിക്കുന്നത്. മര്‍ദനം പുറംലോകം അറിയാതിരിക്കാന്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ രാത്രി വൈകി ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്യിക്കുന്നത്. ജനകീയ പ്രശ്‌നങള്‍ ഉന്നയിച്ചുനടക്കുന്ന സമരങ്ങള്‍ക്ക് അനുമതി നിഷേധിക്കുക, വിലക്കയറ്റവിരുദ്ധ പ്രചാരണബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോവുക, സിപിഐ എം കോടിമരങ്ങള്‍ ജെസിബി കൊണ്ടുവന്നു പിഴുതുകളയുക തുടങ്ങിയ നടപടികളാണ് പൊലീസ് നടത്തിയത്. സിപിഐ എം ജില്ലകമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ചാലും നേതാക്കള്‍ വിളിച്ചാലും പൊലീസ് മേധാവിമൊബൈല്‍ഫോണ്‍ എടുക്കാറില്ല.
സിഐടിയു ജില്ല കമ്മിറ്റി ഓഫീസ് ആക്രമിച്ച വിവരം പൊലീസില്‍ അറിയിച്ചപ്പോള്‍ 'അങ്ങോട്ടുവരാന്‍ ആരുമില്ല. പരാതിയുണ്ടെങ്കില്‍ എഴുതി തന്നാല്‍ മതി'യെന്നാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷമാണ് തൊട്ടടുത്തുള്ള സംഭവസ്ഥലത്ത് പൊലീസ് എത്തിയത്.സിപിഐ എം ജില്ല കമ്മിറ്റി ഓഫീസിന് നേരെ ഗ്രാനേഡ് എറിഞ്ഞു. റബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെച്ചു. ജില്ല കമ്മിറ്റി ഓഫീസിലുളളവരെ വകവരുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. നീതിപാലകരാവേണ്ട പൊലീസ് സിപിഐ എമ്മിനെ തകര്‍ക്കാന്‍ ക്വട്ടേഷന്‍ എടുത്തവരെപോലെയാണ് പെരുമാറിയത്. എംവി ജയരാജന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post