പി. ജയരാജന്റെ ജാമ്യഹര്‍ജിയില്‍ വിധി ശനിയാഴ്ച

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷയിന്‍ മേലുള്ള വാദം വെളളിയാഴ്ച പൂര്‍ത്തിയായി. രണ്ടു മണിക്കൂര്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ജാമ്യാപേക്ഷയില്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) ശനിയാഴ്ച വിധി പറയും. ജയരാജനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി.പി. ശശീന്ദ്രനാണ് ജാമ്യ ഹര്‍ജി നല്കിയത്. പി. ജയരാജനെ പ്രതി ചേര്‍ക്കാനുള്ള ഒരു തെളിവും പോലീസിന്റെ പക്കല്‍ ഇല്ലെന്നും രാഷ്ട്രീയ സമര്‍ദ്ധം കാരണം സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ജയരാജന്റെ അറസ്റ്റെന്നും ശശീന്ദ്രന്‍ വാദിച്ചു. സിപിഎമ്മിന്റെ ഏറ്റവും ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് പ്രമുഖ നേതാവായ ജയരാജന്റെ അറസ്റ്റിനു പിന്നില്‍. ഇതിനായി മുസ്‌ലിം ലീഗിന്റെ താളത്തിനൊത്ത് മുഖ്യമന്ത്രി തുള്ളുകയായിരുന്നു.
അതിനായി അഞ്ചുമാസം മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ മറവില്‍ പ്രത്യേക തിരകഥ രചിച്ച് ജയരാജനെ പ്രതിയാക്കുകയായിരുന്നുവെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജയരാജനെയും രാജേഷ് എംഎല്‍എയെയും പ്രവേശിപ്പിച്ച തളിപ്പറമ്പ് സഹകരണാശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍നിന്നും ലോക്കല്‍ സെക്രട്ടറിയായ യു.വി വേണു പ്രതികളായ എ.വി. ബാബുവിനെയും മറ്റു വിളിച്ച് അരിയില്‍ തടഞ്ഞുവച്ചവരെ കൈകാര്യം ചെയ്യാന്‍ പറഞ്ഞത് ഇരുനേതാക്കളും കേട്ടുവെന്നും അത് തടയാന്‍ ഇരവരും ശ്രമിച്ചില്ലെന്നുമാണ് ജയരാജനെതിരേയുള്ളകുറ്റം.
അടുത്തിരുന്ന വ്യക്തി പുറത്തുള്ളവരോട് ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കാമെങ്കിലും അവര്‍ എന്ത് പറഞ്ഞൂ എന്ന് എങ്ങനെ മനസിലാകുമെന്ന് അഡ്വ. ശശീന്ദ്രന്‍ ചോദിച്ചു. കേള്‍വി കുറവുള്ള ആളാണ് ജയരാജനെന്നും അദ്ദേഹത്തിനെതിരേ ഐപിസി 118ാം വകുപ്പ്് ചേര്‍ക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല. സിആര്‍പിസി 160ാം വകുപ്പ് പ്രകാരം മൂന്നു തവണ നോട്ടീസ് നല്കിയപ്പോഴും ജയരാജന്‍ ഹാജരായിരുന്നു. രണ്ടുതവണ മണിക്കൂറുകള്‍ ചോദ്യം ചെയ്തപ്പോഴും അദ്ദേഹത്തിനെതിരേ ഒരു തെളിവും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നില്ല.
ഒടുവില്‍ ഓഗസ്റ്റ് ഒന്നിന് സിഐ ഓഫീസില്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തോട് ഒന്നു ചോദിക്കാതെ മെഡിക്കല്‍ പരിധോന നടത്തി 10 മിനിട്ടിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്നും ശശീന്ദ്രന്‍ കോടതി മുമ്പാകെ ഉന്നയിച്ചു. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. അതിനാലാണ് പോലീസ് ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാതിരുന്നത്. ഷുക്കൂറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പണം പിരിക്കുന്നതിനെതിരെ ജയരാജന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചതാണ് ലീഗിന്റെ ശത്രതയ്ക്ക് ഇടയാക്കിയത്. കെ. സുധാകരന്റെ മാഫിയ കൂടുക്കെട്ടിനെതിരേ പ്രതികരിച്ചതോടെ കോണ്‍ഗ്രസും അദ്ദേഹത്തിന്റെ ശത്രവായി. ജയരാജന്റെ ശാരീരിക പ്രശ്‌നങ്ങള്‍ തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അഡ്വ. ശശീന്ദ്രന്‍ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി. 1999 ല്‍ ആര്‍എസ്എസുക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജയരാജന്റെ രണ്ടു കൈകള്‍ക്കു വൈകല്യമാണെന്നു പറഞ്ഞ ശശീന്ദ്രന്‍ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്നു പറഞ്ഞു. മുന്നു മാസത്തില്‍ ഒരിക്കല്‍ എറണാകുളം ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാകേണ്ട അദ്ദേഹത്തിന് പരസഹായമില്ലാതെ ഷര്‍ട്ട് പോലും ധരിക്കാനാവില്ലെന്നു ശശീന്ദ്രന്‍ വ്യക്തമാക്കി.
എന്നാല്‍ ജയരാജനെതിരേ കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം സ്്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധരന്‍ നിഷേധിച്ചു. പ്രഥമ ദൃഷ്ടിയാല്‍ പി. ജയരാനെതിരേയുള്ള ഐപിസി 118 നിലനില്ക്കുന്നതാണ്. അക്രമത്തില്‍ പരിക്കേറ്റ ഇരുനേതാക്കളും ചികിത്സയ്ക്കായി തെരഞ്ഞെടുത്തതുതന്നെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയാണ്. അതിനാല്‍ ഗൂഢാലോചന നടന്നില്ല എന്നത് ശരിയെല്ല. സമൂഹത്തോട് ബാധ്യതയുള്ള മുന്‍ എംഎല്‍എ കൂടിയായ ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും അക്രമ സംഭവം പോലീസിനെയോ ബന്ധപ്പെട്ടവരേയോ അറിയ്ക്കാതിരുന്നത് ഹീനമായ കൊലപാതകത്തിനുള്ള പിന്തുണയാണ്.
ഇരുനേതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ കേസിലെ പ്രതിയായ വേണു മറ്റ് പ്രതികളെ വിളിച്ചത്. ഇതേ കുറ്റം ചുമത്തിയ ടി.വി. രാജേഷ് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ജയരാജന് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്കുമെന്നും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. രാഷ്ട്രീയ സ്വാധീനമുള്ള ജയരാജന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇടയുണ്ട്. കേസ്‌ന്വേഷണം അവസാനിച്ചുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദവും ശരിയെല്ല. മൊത്തം 39 പ്രതികളുള്ള കേസില്‍ 28 പേര്‍ മാത്രമാണ് അറസ്റ്റിലായത്. സിപിഎം സംസ്ഥാന നേതാവിന്റെ മകനെയടക്കം ഇനിയും പിടികൂടാനുണ്ട്. നിരവധി സാക്ഷികളുടെ മൊഴി ശേഖരിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയരാജനെ കോടതി റിമാന്‍ഡ് ചെയ്തപ്പോള്‍തന്നെ സംസ്ഥാന വ്യാപകമായി അക്രമമായിരുന്നു. വെളളിയാഴ്ച ഉച്ചവരെ കണ്ണൂരിലെ 35 പോലീസ് സ്‌റ്റേഷനുകളില്‍ മാത്രം 157 അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതലുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി തകര്‍ക്കപ്പെട്ടുവെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. കോടതി ആവശ്യപ്പെട്ടതു പ്രകാരം ജയിലില്‍ ജയരാജന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. വെളളിയാഴ്ച ജില്ലാ ആശുപത്രിയില്‍ എത്തിച്ച് അദ്ദേഹത്തെ ഫിസിയോ തെറാപ്പിക്ക് വിധേയമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളമാകെ സഞ്ചരിക്കുന്ന ജയരാജന്റെ ആരോഗ്യ കാര്യത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ജയരാജന് ഇന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാദത്തിനു ശേഷം പുറത്തിറങ്ങിയ പ്രതിഭാഗം അഭിഭാഷകന്‍ ബി.പി. ശശീന്ദ്രന്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post