കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏതു പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവന്നാലും അതിനൊക്കെ പുതിയ മറുപടികള്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ധിക്കാരികളായ പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. എന്തൊരു പരിഹാസ്യമാണിത്. നമ്മുടെ നാട്ടില്‍ നിയമവ്യവസ്ഥകള്‍ക്ക് ഒട്ടും കുറവില്ല. ആരെ ഭയപ്പെടുത്താനാണിത്. പോലിസിനു അമിതാധികാരം നല്‍കാനാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോലിസിനെതിരേ ഉരിയാടിയാല്‍ ഏഴുവര്‍ഷം കഠിനതടവാണ് നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് ഇതിനെങ്ങനെ മനസ് വരുന്നു. എങ്കില്‍ ആ മനസ് ഏതാണ്. എക്കാലത്തും അധികാരത്തിലേറിയവര്‍ എന്തെല്ലാം കരിനിയമങ്ങള്‍ ഉണ്ടാക്കി. ടാഡ നടപ്പാക്കിയില്ലേ. നശിച്ചത് തങ്ങല്ല, കരിനിയമമാണ്. ആ തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വേണം. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. സി.പി.എമ്മിനെ തകര്‍ക്കാന്‍ കേരള പോലിസിന്റെ അംഗബലം കൊണ്ട് സാധിക്കുമോയെന്ന സംശയം മുമ്പ് പങ്കുവച്ചപ്പോള്‍, പി ജയരാജന്റെ അറസ്റ്റോടെ കേന്ദ്രസേനയെ വിന്യസിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ മുമ്പ് കണ്ണൂരിലെ ഗ്രാമങ്ങളിലുടനീളം സി.ആര്‍.പി.എഫ് എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചപ്പോള്‍ സി.പി.എം ഒലിച്ചുപോയോ?. പരസ്യമായി പറഞ്ഞില്ലെങ്കിലും ഇത്തരം ആള്‍ക്കാരെ കേരളത്തിലേക്ക് അയക്കാന്‍ സന്നദ്ധനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നില്‍പ്പുണ്ട്. ഇക്കൂട്ടര്‍ ചരിത്രം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതൊന്നും കാട്ടി സി.പി.എമ്മിനെ വിരട്ടാനോ ഭീഷണിപ്പെടുത്താനോ നോക്കേണ്ട. സൈ്വര്യമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ അതൊരിക്കലും സമ്മതിച്ചുകൊടുക്കില്ല. ഇതിനുള്ള ബഹുജനശക്തി പാര്‍ട്ടിക്കുണ്ട്. അടിച്ചമര്‍ത്തലുകളെ വിജയപൂര്‍വം തരണം ചെയ്യും. ഇതാണ് ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിക്കാനുള്ളത്. മുസ്്‌ലിം ലീഗ് രാഷ്ട്രീയപ്പാര്‍ട്ടി ആണോ, അതോ തീവ്രവാദ സംഘമാണോ? എന്താണ് അതിന്റെ സ്വഭാവം. ഇവരെ രാഷ്ട്രീയപ്പാര്‍ട്ടി എന്നുവിളിക്കാന്‍ വല്ലാത്ത പ്രയാസമുണ്ട്. അത്രയ്ക്കും ഹീനമായ ആക്രമണമാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അരങ്ങേറിയത്. ലീഗുകാരാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും സംശയമില്ല. വിപുലമായ തയ്യാറെടുപ്പുകളാണു ഇതിനായി നടത്തിയത്. എന്തു പ്രകോപനത്തിന്റെ പേരിലാണ് ആശുപത്രി ആക്രമിച്ചതെന്ന് ലീഗ് നേതൃത്വം മറുപടി പറയണം. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പി ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാക്കിയത്. ഒരു ന്യായവും തെളിവും പോലിസിന്റെ പക്കലില്ല. 37ഓളം പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കെ അപ്പോഴൊന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കണ്ടില്ല. എന്നാലിപ്പോള്‍, ജയരാജന്റെ അറസ്‌റ്റോടെ കെ.പി.സി.സി അംഗത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി. എന്താണിതിന്റെ അര്‍ഥം? ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് പോലും അത്ഭുതപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തെക്കുറിച്ച് സാധാരണഗതിയില്‍ പോലിസാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജില്‍ മികച്ച ഫോറന്‍സിക് വിഭാഗം ഉണ്ടായിട്ടും കാസര്‍കോട്ട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്കു മാറ്റി. പോലിസിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പുണ്ട്. ലീഗ് സമ്മര്‍ദ്ദത്തിനു മുന്നില്‍ പോലിസ് വഴങ്ങിയെന്ന് സുവ്യക്തം. കേസിന്റെ തുടക്കത്തിലേ ഇത്തരം ഇടപെടലുകള്‍ നടന്നെങ്കില്‍ തുടര്‍ഗതി ഊഹിക്കാനാവുന്നതേ ഉള്ളൂ. ഈ ആശങ്കയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരിയാരത്ത് പങ്കുവച്ചതെന്നും പിണറായി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍, എം വി ഗോവിന്ദന്‍, എം വി ജയരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ഏതു പരീക്ഷണം നടപ്പാക്കിയാലും പുതിയ മറുപടികള്‍ ഉണ്ടാവും: പിണറായി
Unknown
0
Post a Comment