കണ്ണൂരില്‍ അക്രമങ്ങള്‍ തുടരുന്നു

കണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഉച്ചയോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ അക്രമ സംഭവങ്ങള്‍ രാത്രി വൈകിയും തുടരുന്നു. ജയരാജനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലേക്ക് കൊണ്ടു പോയ വാഹനത്തിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിരുന്നു.
ഇതിനു പിന്നാലെ കണ്ണൂര്‍ എസ്പിയുടെ വാഹനത്തിന് നേര്‍ക്കും ഫോറന്‍സിക് ലാബിനു നേര്‍ക്കും ട്രാഫിക് സ്റ്റേഷന് നേര്‍ക്കും കല്ലേറുണ്ടായി. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ഗ്രനേഡും പ്രയോഗിച്ചു. കോടതിക്ക് പുറത്ത് പോലിസ് ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നഗരത്തില്‍ പലയിടത്തും അക്രമങ്ങള്‍ തടയുന്നതിനാവശ്യമായ പോലിസിനെ വിന്യസിച്ചിട്ടില്ല. സിപിഎം ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് കൂടുതല്‍ പോലിസിനെ വിന്യസിച്ചിരിക്കുന്നത്.
സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പോലീസ് നല്‍കിയ ശിപാര്‍ശ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
ജില്ലയിലെ വിവിധ മേഖലകളില്‍ മുസ്‌ലിം ലീഗ്,കോണ്‍ഗ്രസ്സ്, സി.പി.എം ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരവധി വീടുകള്‍ക്കും നേരെ അക്രമങ്ങളുണ്ടായി. പലസ്ഥലത്തും സി.പി.എം പ്രവര്‍ത്തകരും പോലീസും നേര്‍ക്കുനേര്‍ ഏററമുട്ടലുണ്ടായി.
രാത്രി വൈകിയും അക്രമ പരമ്പരകള്‍ തുടരുകയാണ്.
വൈകുന്നേരം നാല് മണിയോടെ നടന്ന എസ്.പി ഓഫീസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ കലക്ടേറ്റ് വളപ്പിനുള്ളിലേക്ക് കല്ലേറ് നടത്തി. പോലീസ് ഗ്രനേഡും പ്രയോഗിച്ചു. സി.പി.എം. നേതാവ് എന്‍.ചന്ദ്രന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സി.പി.എം. മാര്‍ച്ച് കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം തകര്‍ത്തു
തളിപ്പറമ്പ്: കുറുമാത്തൂരിലെ കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം ബുധനാഴ്ച രാത്രി ആക്രമിച്ച് തകര്‍ത്തു. പ്രകടനമായെത്തിയ ഒരുസംഘം സി.പി.എമ്മുകാര്‍ ആക്രമിച്ചതായാണ് പരാതി. ഓഫീസ്‌കെട്ടിടത്തിന്റെ ജനല്‍വാതിലുകളും ഫര്‍ണിച്ചറും തകര്‍ത്തിട്ടുണ്ട്. സംഭവമറിഞ്ഞ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.കെ.ഭാസ്‌കരന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് ടി.സരസ്വതി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

തലശ്ശേരിയില്‍ ഗ്രനേഡ് പ്രയോഗിച്ചു
തലശ്ശേരി: പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ നടത്തിയ പ്രകടനം അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. നിരവധി നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. ഗ്രനേഡ് പ്രയോഗവും പരക്കെ കല്ലേറുമുണ്ടായി. രണ്ടുമണിക്കൂറോളം നഗരം ഭീതിയുടെ മുള്‍മുനയിലായിരുന്നു.
വൈകിട്ട് നാലരയോടെയാണ് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്ന് പുറപ്പെട്ട പ്രകടനം ഡിവൈ.എസ്.പി. ഓഫീസ് ലക്ഷ്യമാക്കി നീങ്ങിയത്. താലൂക്കോഫീസ് പരിസരത്തുവെച്ച് പോലീസ് തടഞ്ഞതോടെ പരക്കെ കല്ലേറുണ്ടായി. പോലീസ് 15ഓളം ഗ്രനേഡ് പ്രയോഗിച്ചു. കല്ലേറില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന്‍, തിരുവങ്ങാട് തലശ്ശേരി വില്ലേജ് ഓഫീസുകള്‍, ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ അക്രമാസക്തമായതോടെ പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിയോടിച്ചു. നിരവധി സ്‌കൂള്‍കുട്ടികള്‍ അക്രമാസക്തമായ അന്തരീക്ഷത്തില്‍പ്പെട്ടു. സ്ത്രീകള്‍ ബോധരഹിതരായി.
വൈകിട്ട് അഞ്ചരയോടെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെ പോലീസ് ലാത്തിവീശി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് വി.സതി ലാത്തിചാര്‍ജിനിടെ ബോധരഹിതയായി. പ്രകടനം ട്രാഫിക് പോലീസ് സ്റ്റേഷന്‍ സമീപത്തെത്തിയതോടെ പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്നു. എം.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
ഇതിനിടെ നഗരത്തിലെ കടകള്‍ പോലീസ് ഇടപെട്ട് അടപ്പിച്ചു. വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. ഡിവൈ.എസ്.പി. എ.പി.ഷൗക്കത്തലി, സി.ഐ. എം.പി.വിനോദ്, പാനൂര്‍ സി.ഐ. ജയന്‍ ഡൊമിനിക്, തലശ്ശേരി എസ്.ഐ. ബിജുജോണ്‍ ലൂക്കോസ്, ന്യൂമാഹി എസ്.ഐ.ഷാജി പട്ട്യേരി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍

ശ്രീകണ്ഠപുരത്ത് എട്ട് പോലീസുകാര്‍ക്ക് പരിക്ക്
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം സി.ഐ. ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. അക്രമത്തില്‍ എസ്.ഐ. അടക്കം എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിയാരം മെഡിക്കല്‍ കോളേജ് മുന്‍ ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്റെ കാല്‍മുട്ടിന് കല്ലേറില്‍ പരിക്കേറ്റു.
ശ്രീകണ്ഠപുരം എസ്.ഐ. സി.ഷാജു, ഗ്രേഡ് എസ്.ഐ. ടി.രഘുനാഥ്, സിവില്‍ പോലീസ് ഓഫീസര്‍ ദിനേശന്‍, കെ.എ.പി.യിലെ പോലീസുകാരായ വിഷ്ണുപ്രസാദ്, വിനീത്, മനോജ്, ലിംനേഷ്, സതീശന്‍ എന്നിവരെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു.
250ഓളം പ്രവത്തകര്‍ പങ്കെടുത്ത മാര്‍ച്ച് അശോക ടാക്കീസിന് സമീപം പോലീസ് തടഞ്ഞിരുന്നു. 60ഓളം പോലീസുകാരാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റി സ്റ്റേഷനിലേക്ക് കുതിക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസുകാര്‍ക്കെതിരെ അടിയും കല്ലേറുമുണ്ടായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കൂത്തുപറമ്പില്‍ വ്യാപക അക്രമം: മാതൃഭൂമി, മനോരമ ഓഫീസുകള്‍ തകര്‍ത്തു
കൂത്തുപറമ്പ്: പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പില്‍ വ്യാപക അക്രമം. സി.പി.എം. നടത്തിയ സി.ഐ. ഓഫീസ് മാര്‍ച്ചില്‍ നാല് പോലീസുകാര്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ലീഗ് ഓഫീസും കോണ്‍ഗ്രസ് ഓഫീസും അക്രമികള്‍ തീയിട്ടു. മാതൃഭൂമി, മനോരമ ന്യൂസ് ബ്യൂറോകള്‍ അടിച്ചുതകര്‍ത്തു.
എസ്.ഐ. ചിദംബരം, സിവില്‍ പോലീസ് ഓഫീസര്‍ പി.പ്രമോദ്, കെ.എ.പി.യിലെ അബ്ദുള്‍ നിഷാദ്, ഹോംഗാര്‍ഡ് മനോജ് എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന സിറ്റി ചാനല്‍ ക്യാമറാമാന്‍ എ.ടി.പ്രമോദ്, ഗ്രാമിക ചാനല്‍ ക്യാമറാമാന്‍ വിഗുല്‍ വത്സരാജ് എന്നിവര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ സാരമായി പരിക്കേറ്റ പ്രമോദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
സി.ഐ. ഓഫീസ് മാര്‍ച്ചിനുശേഷമാണ് മാതൃഭൂമി, മാനോരമ ന്യൂസ് ബ്യൂറോകള്‍ക്കുനേരെ അക്രമമുണ്ടായത്. ആര്‍.വി. സിറ്റി സെന്റര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭൂമി ഓഫീസ് മുഖം മറച്ചെത്തിയ അക്രമി സംഘം തല്ലിത്തകര്‍ത്തു. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകടന്ന സംഘം കമ്പ്യൂട്ടറുകളും മറ്റ് ഓഫീസ് സാമഗ്രികളും നശിപ്പിച്ചു. ഫയലുകളും പത്രക്കെട്ടുകളും വാരിവലിച്ചിട്ടു. കണ്ണൂര്‍ റോഡില്‍ സിതാര കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മനോരമ ഓഫീസും അടിച്ചുതകര്‍ത്തു. ലേഖകനെ അക്രമിസംഘം ഭീഷണിപ്പെടുത്തി.
നരവൂരില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസും താലൂക്ക് ആസ്​പത്രിക്ക് പിന്നിലുള്ള കോണ്‍ഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനും അക്രമികള്‍ തീയിട്ടു. ഫര്‍ണിച്ചറും ടി.വി.യും ഓഫീസ് ഫയലുകളും കത്തിനശിച്ചു. കൂത്തുപറമ്പ് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.
ലീഗ് നേതാവ് പി.കെ.ഷറഫുവിന് മര്‍ദനമേറ്റു. ഇദ്ദേഹത്തെ ഇന്ദിരാഗാന്ധി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ബാങ്കിന് നേരെയും അക്രമമുണ്ടായി. കല്ലേറില്‍ ജനല്‍ ച്ചില്ലുകള്‍ തകര്‍ന്നു.
തളിപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനും കോണ്‍ഗ്രസ് മന്ദിരത്തിനും നേരെ കല്ലേറ്
തളിപ്പറമ്പ്: പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ചിനുശേഷം ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെയും കോണ്‍ഗ്രസ് മന്ദിരത്തിന്റെയും ചില്ലുകള്‍ തകര്‍ന്നു. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെയും പൂക്കോത്ത് നടക്ക് സമീപംവെച്ചാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ നിലവിളിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് ഓഫീസിനു നേരെ നടന്ന കല്ലേറില്‍ മുകള്‍ഭാഗത്തെ ജനല്‍ ഗ്ലാസ് തകര്‍ന്നു. താഴെയുള്ള മഹാത്മാഗാന്ധി പ്രതിമയുടെ കൈവിരലും പൊട്ടിയിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم