തലശേരിയില്‍ ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

തലശേരി: ടോട്ടല്‍ ഫോര്‍ യു മോഡലില്‍ തലശേരിയിലും പരിസരപ്രദേശങ്ങളിലുമായി അഞ്ചു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിലായി. തലശേരി പാലിശേരി കരിയാടന്‍ വീട്ടില്‍ ഷുഹൈബി (26) നെയാണ് ടൗണ്‍ സിഐ എം.പി. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബിടെക് ബിരുദദാരിയായ ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ബാംഗളൂരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ഇല്ലത്തുതാഴെ ഇല്ലത്തുവീട്ടില്‍ അര്‍ജുന്‍ രമേഷിന്റെ 13.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഷുഹൈബിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഇതിനു പുറമേ മാഹി സ്വദേശികളായ സാജിദില്‍ നിന്നു 35 ലക്ഷം രൂപയും മുനീറില്‍ നിന്നു 10 ലക്ഷം രൂപയും തലശേരിയിലെ നിരവധി വീട്ടമ്മമാരില്‍ നിന്നു ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്തെന്ന് ഇയാള്‍ക്കെതിരേ പരാതിയുണ്ട്. അര്‍ജുന്റെ സഹപാഠികൂടിയായ ഷുഹൈബും ചിറക്കര പള്ളിത്താഴെ സ്വദേശികളായ തബ്ജാസ് (28), തന്‍വീര്‍ (30) എന്നിവരും ചേര്‍ന്നാണു തട്ടിപ്പു നടത്തിയതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സിഐ പറഞ്ഞു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10,000 രൂപ ലാഭം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഷുഹൈബും സംഘവും പണം വാങ്ങിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാണ് ലാഭം നല്‍കുന്നതെന്നാണ് പ്രതികള്‍ നിക്ഷേപകരോട് പറഞ്ഞിരുന്നത്. 2011 ഓഗസ്റ്റുവരെ അര്‍ജുന് ലാഭവിഹിതം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് പണം ലഭിക്കാതെ വരികയായിരുന്നു. തുടര്‍ന്നു പണം തിരിച്ചു ചോദിച്ചെങ്കിലും നല്‍കാന്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയായി വിരമിച്ച മാതാവിന്റെ പണമാണ് താന്‍ ഷുഹൈബിന് നല്‍കിയതെന്ന് അര്‍ജുന്‍ പറഞ്ഞു.
ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍നിന്ന് അയച്ചുനല്‍കിയ പണവും സ്വര്‍ണം പണയം വച്ച തുകയും ഉള്‍പ്പെടെയാണ് വീട്ടമ്മമാര്‍ ഷുഹൈബിനും സംഘത്തിനും നല്‍കിയത്. നിരവധി വീട്ടമ്മമാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post