പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കള്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: പോലീസ് അതിക്രമം കാട്ടുന്നുവെന്ന് ആരോപിച്ചു പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്കു സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധപ്രകടനം തടയാന്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിയിട്ട പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെനേരം ഉന്തുംതള്ളും നടന്നു. ഉന്തിലും തള്ളിലും രണ്ടു പോലീസുകാര്‍ക്കു നിസാര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന്് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പി.ജയരാജനെ ഒന്നാം പ്രതിയാക്കി 200 പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.കഴിഞ്ഞ വ്യാഴാഴ്ച രാത്രി പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ പോലീസ് അതിക്രമം കാണിച്ചുവെന്ന് ആരോപിച്ചാണു പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്. റെയ്ഡ് നടത്താനെത്തിയ പോലീസുകാര്‍ വെട്ടിമുറിച്ചിട്ട കൃഷികള്‍ നശിപ്പിച്ചതായും സിപിഎം നേതാക്കള്‍ ആരോപിച്ചു.
എം. സുരേന്ദ്രന്‍, ടി.വി. രാജേഷ് എംഎല്‍എ, ടി.ഐ. മധുസൂദനന്‍, വി. നാരായണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഉന്തിനും തള്ളിലും ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പി. ജയരാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم