ജയകൃഷ്ണനെ കൊലപ്പടുത്തിയ കേസിലെ പ്രതി സജീവനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പടുത്തിയ കേസില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സജീവന്റെ ദുരൂഹ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മയും സഹോദരിയും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. ജയകൃഷ്ണന്‍ വധത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി സജീവനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സജീവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ലെന്നും പാര്‍ട്ടിയാണ് അവനെ പ്രതിപ്പട്ടികയില്‍പ്പെടുത്തിയതെന്നും ഇരുവരും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോടതിയിലേക്ക് പോയ സജീവന്‍ അവിടെ എത്താതിരുന്നത് ഒരുപാട് ദുരൂഹതകള്‍ ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടിക്കാരാണ് നിരപരാധിയായ അവനെ പ്രതിയാക്കിയത്. കോടതിയില്‍ ചിലതൊക്കെ വെളിപ്പെടുത്തുമെന്ന് അവന്‍ പറഞ്ഞിരുന്നു. ഇത് ഇല്ലാതിരിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ അവനെ കൊല്ലുകയായിരുന്നുവെന്ന് സജീവന്റെ സഹോദരി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും ഒരുസഹായവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവമോര്‍ച്ച സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിനാണു പാനൂര്‍ ഈസ്റ്റ് മൊകേരി യുപി സ്‌കൂളില്‍ ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടെ കുട്ടികളുടെ മുന്‍പില്‍ വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സജീവന്‍ ഉള്‍പ്പെടെ ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണു പോലീസ് കേസെടുത്തത്. പിന്നീട് 2003 ഓഗസ്റ്റ് 13നു സജീവനെ തലശേരി പുന്നോല്‍ കുറിച്ചിക്കു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണെ്ടത്തുകയായിരുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കു ഹൈക്കോടതി വധശിക്ഷ വിധിച്ചെങ്കിലും നാലു പേരെ വിട്ടയച്ചു പ്രദീപന്‍ എന്നയാളെ മാത്രം സുപ്രീം കോടതി 2006 ഡിസംബറില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തു പ്രദീപനെ ശിക്ഷാ ഇളവു നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post