വിമാനത്താവളം: മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലും സര്‍വേ തുടങ്ങി

മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കു റോഡു നിര്‍മിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ മേലെചൊവ്വ മുതല്‍ പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പ് നാഗവളവ് വരെയുള്ള 23 കിലോമീറ്റര്‍ ദൂരത്തിലാണു സര്‍വേ നടത്തുന്നത്. നാഗവളവില്‍ നിന്നും ബുധനാഴ്ച ഉച്ചയ്ക്കാണു സര്‍വേ നടപടികള്‍ ആരംഭിച്ചത്. വിമാനത്താവളം മട്ടന്നൂര്‍ ഓഫീസിലെ സ്‌പെഷല്‍ തഹസില്‍ദാര്‍ പി. ഗോവിന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ റൂബി സോഫ്റ്റ് ടെക് ഏജന്‍സി ജീവനക്കാരാണ് സര്‍വേ നടത്തുന്നത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മട്ടന്നൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. നിലവിലുള്ള മേലെചൊവ്വ-മട്ടന്നൂര്‍ റോഡിന്റെയും പുതുതായി നിര്‍മിക്കുന്ന താഴെചൊവ്വ-നാഗവളവ് റോഡിന്റെയും സര്‍വേ നടത്തിയതിനുശേഷം വിമാനത്താവളത്തിലേക്കുള്ള ചെലവ് കുറഞ്ഞ റോഡ് ഏതെന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണു രണ്ടു റോഡിലും സര്‍വേ നടത്തുന്നത്. താഴെചൊവ്വ-നാഗവളവ് ഗ്രീന്‍ഫീല്‍ഡ് റോഡിന്റെ സര്‍വേ പൂര്‍ത്തിയായി വരുന്നതിനിടെ നരിക്കോട്, മുഴപ്പാല മേഖലയില്‍ സര്‍വേ നാട്ടുകാര്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പോലീസ് കാവലിലാണ് സര്‍വേ നടക്കുന്നത്. ഇതിനിടെ ബുധനാഴ്ച പോലീസുകാര്‍ക്ക് കണ്ണൂരില്‍ ഡ്യൂട്ടിയുള്ളതിനാല്‍ സര്‍വേ നടത്താന്‍ പോലീസ് സഹായം ലഭിക്കാത്തതിനാല്‍ സര്‍വേ നടത്താന്‍ കഴിഞ്ഞില്ല.
രണ്ടു റോഡുകളുടെയും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് സര്‍ക്കാരിലേക്കു നല്‍കാനുള്ള നീക്കത്തിലാണ് അധികൃതര്‍. വിമാനത്താവളത്തിലേക്കു ഗ്രീന്‍ഫീല്‍ഡ് റോഡിനു 17 കിലോമീറ്ററും മട്ടന്നൂര്‍-കണ്ണൂര്‍ റോഡിനു 27 കിലോമീറ്ററും ദൂരമാണുള്ളത്. മട്ടന്നൂര്‍ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ഗ്രീന്‍ഫീല്‍ഡ് റോഡിനു ചെലവു വരികയുള്ളൂവെന്നാണു കണക്ക്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post