ഏക മകള്‍ക്കു ജോലി തേടിയുള്ള അമ്മയുടെ യാത്ര അന്ത്യയാത്രയായി

തലശേരി: ഏക മകള്‍ക്കു ജോലി തേടിയുള്ള അമ്മയുടെ യാത്ര അന്ത്യയാത്രയായി. ചൊവ്വാഴ്ച തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ച ഉളിക്കല്‍ അറബി കതുവപ്പറമ്പ് ചപ്പില്‍വീട്ടില്‍ കരുണാകരന്റെ ഭാര്യ സരോജിനി (40) മകള്‍ക്കു ജോലി തേടിയുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത്. ആലുവയിലെ കിറ്റെക്‌സ് കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോകാനായാണു മകള്‍ നീതുവിനോടും ബന്ധുവായ സിജുവിനോടുമൊപ്പം സരോജിനി തലശേരി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. നാട്ടുകാരായ മറ്റു രണ്ടു പെണ്‍കുട്ടികളും ബന്ധുക്കളും ഉള്‍പ്പെടെ മറ്റ് അഞ്ചുപേര്‍ കൂടി ഇവര്‍ക്കൊപ്പം ഇന്റര്‍വ്യൂവിനു പോകാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു.
ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ വരുന്ന രണ്ടാം പ്ലാറ്റ്‌ഫോമിലേക്കു കടക്കുന്നതിനിടയിലാണ് അപകടം. കനത്ത മഴ പെയ്തതോടെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് എല്ലാവരും ഓടി രണ്ടാം പ്ലാറ്റ്‌ഫോമിലേക്കു കയറുകയായിരുന്നു. ഇതിനിടെ പ്ലാറ്റ്‌ഫോമില്‍ കയറാന്‍ സാധിക്കാതിരുന്ന സരോജിനിയെ ട്രെയിന്‍ ഇടിച്ചു. സരോജിനിയെ ട്രെയിന്‍ തട്ടിയ വിവരമറിയാതെ മറ്റുള്ളവര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. മാവേലി എക്‌സ്പ്രസിനാണ് ഇവരെല്ലാവരും ആലുവയ്ക്കു പോകാനിരുന്നത്. എന്നാല്‍ സരോജിനിയെ കാണാത്തതിനെ തുടര്‍ന്നു ട്രെയനില്‍ പോകാതെ കൂടെയുണ്ടായിരുന്നവര്‍ നടത്തിയ അന്വേഷണത്തിലാണു ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നീതുവിനു പുറമെ സുജിത്ത്്, നിതേഷ് എന്നീ രണ്ടു മക്കളാണു സരോജിനി-കരുണാകരന്‍ ദമ്പതികള്‍ക്കുള്ളത്. സഹോദരങ്ങള്‍: ചിരുത, നാണി, യശോദ, നാരായണന്‍, പരേതയായ ചോറു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post