ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍: പോലീസ് ഭീകര നിര്‍ത്തണമെന്നും, കള്ളക്കേസില്‍ കുടുക്കി പ്രവര്‍ത്തകരെ പീഢിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ, മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം. റിപ്പോര്‍ട്ടര്‍ ടി.വി. ക്യാമറാമാന്‍ ഷാജു ചന്തപ്പുര, അമൃത ടി.വി. ക്യാമറാമാന്‍ അശോകന്‍, മാധ്യമം ദിനപത്രം ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളി, ജന്‍മ ഭൂമി ദിനപത്രം ഫോട്ടോഗ്രാഫര്‍ രജ്ജിത്ത് നാരായണന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഷാജു ചന്തപ്പുരയുടേയും ബൈജു കൊടുവള്ളിയുടേയും മുഖത്താണ് മര്‍ദ്ദനമേറ്റത്. നേതാക്കള്‍ ഇടപെട്ടാണ് ഫോട്ടോഗ്രാഫര്‍മാരെ പ്രവര്‍ത്തകരില്‍ നിന്നും രക്ഷപ്പെടുത്തിയത്. മാര്‍ച്ച് അവസാനിപ്പിക്കാന്‍ നേരം പിരിഞ്ഞു പോകുന്ന പ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് ഒരുസംഘം പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു നേരെ തിരിഞ്ഞത്. കൈയ്യേറ്റം നടത്തുന്ന പ്രവര്‍ത്തകരെ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.എന്‍. ഷംസീര്‍, സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടു തടയാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനിടെ പോലീസിനു നേരെയും ജലപീരങ്കിയ്ക്കു നേരെയും കല്ലേറുണ്ടായി.
നേരത്തെ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രണ്ട് തരം നീതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സ്വരാജ് പറഞ്ഞു. ആര്‍ക്കോ എന്തോ കിട്ടിയാല്‍ അര്‍ധ രാത്രി കുട പിടിക്കും എന്ന ശൈലയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിക്കുന്നത്. ആരോഗ്യ ദൃഢഗാത്രരായി നൂറു വയസു വരെ കട്ടിലില്‍ കിടന്നു ജീവിച്ചു കൊള്ളാമെന്നു ഒരു പട്ടിക്കും ഡി.വൈ.എഫ്.ഐക്കാര്‍ കരാര്‍ എഴുതി കൊടുത്തിട്ടില്ല. എല്ലാം അറിഞ്ഞു കൊണ്ടുതന്നെയാണ് പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പക്ഷപാതത്തോടെയും കോണ്‍ഗ്രസ് വിധേയത്തത്തോടേയുമുള്ള പോലീസിന്‍െ നടപടി അവസാനിപ്പിക്കണമെന്നും എം. സ്വരാജ് ആവശ്യപ്പെട്ടു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post