തങ്ങളെ തല്ലിയ പോലീസുകാരെ സൗകര്യം കിട്ടിയാല്‍ തിരിച്ചു തല്ലും- എം.എന്‍. ഷംസീര്‍

കണ്ണൂര്‍: തങ്ങളെ തല്ലിയ പോലീസുകാരെ സൗകര്യം പോലെ കിട്ടിയാല്‍ തങ്ങളും തിരിച്ചു തല്ലുമെന്നു ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.എന്‍. ഷംസീര്‍. തങ്ങള്‍ക്കും ഭാര്യയും മക്കളുമുണ്ടെന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തല്ലുന്ന പോലീസുകാര്‍ ഓര്‍ക്കണം. എക്കാലവും സമാധാന സമരമാകും ഡി.വൈ.എഫ്.ഐ നടത്തുകയെന്നു പോലീസ് കരുതരുത്. പ്രവര്‍ത്തകര്‍ക്കു നേരെയുളള പോലീസിന്റെ നീക്കം ഇതുപോലെയാണെങ്കില്‍ ഇനി തങ്ങള്‍ക്കു പകവയ്‌ക്കേണ്ടി വരുമെന്നും ഷംസീര്‍ പറഞ്ഞു. പോലീസ് ഭീകര നിര്‍ത്തണമെന്നും, കള്ളക്കേസില്‍ കുടുക്കി പ്രവര്‍ത്തകരെ പീഢിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഖദറിനുള്ളില്‍ കാക്കിയിട്ട പോലീസുകാരെ അംഗീകരിക്കേണ്ടതില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ കുതി കയറാന്‍ വന്നാല്‍ അംഗീകരിച്ചു തരാന്‍ ആകില്ല. മാഫിയാ സംഘമായി പോലീസ് മാറിയാല്‍ ഇവരെ തൂത്തുവാരാന്‍ ഡി.വൈ.എഫ്.ഐക്കു ശക്തിയുണ്ട്. നാണവും മാനവും പോലീസുകാര്‍ക്കു വേണം. ഇതില്ലെങ്കില്‍, നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ കുളിക്കാനെങ്കിലും പോലീസുകാര്‍ തയാറാകണം. അത്രയ്ക്കും തരം താണ നിലയിലാണ് ചില പോലീസുകാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ തിരിയുന്നത്. കയ്യൂരിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയ സുബ്ബരായന്റെ ഗതിയായിരിക്കും ഡി.വൈ.എസ്.പി. സുകുമാരനുണ്ടാകുക. മിണ്ടിയാല്‍, ഇരുന്നാല്‍, റോഡില്‍ നിന്നാല്‍ എല്ലാത്തിനും പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയാണ് പോലീസ്. സമരത്തിനിടെയുണ്ടായ ചില സംഭവത്തിന്റെ പേരില്‍ കള്ള നഷ്ടക്കണക്കുണ്ടാക്കിയാണ് പ്രവര്‍ത്തകരെ ജയിലിലടക്കുന്നത്. ഇത്തരത്തില്‍ കള്ളക്കണക്കുണ്ടാക്കിയ ആളെ കൊണ്ടു തന്നെ കണക്ക് പറയിപ്പിക്കുമെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post