വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി

കണ്ണൂര്‍: വിശ്വസിയുടെ മനസ്സില്‍ കുളിര്‍ മഴയുമായി വീണ്ടുമൊരു റംസാന്‍ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. വിശുദ്ധ മാസത്തെ ഒരിക്കല്‍ കൂടി സ്വീകരിക്കാന്‍ മുസ്‌ലിം വിശ്വാസികള്‍ ഒരുങ്ങി കഴിഞ്ഞു. റജബിലെ അവസാന വെള്ളിയാഴ്ച പള്ളികളില്‍ ഇമാമുമാര്‍ വിശുദ്ധമാസത്തിന് ഔപചാരിക സ്വാഗതമോതും. റജബിലും ശഅ്ബാനിലും അനുഗ്രഹിച്ച നാഥാ, റമദാനിലും ഞങ്ങളെ സത്യസാക്ഷികളാക്കണേ എന്ന പ്രാര്‍ഥനയോടെ....
കര്‍ക്കിടകത്തിലെ മഴക്കാലത്തെത്തുന്ന ഈ വര്‍ഷത്തെ വൃതമാസം വിശ്വാസികള്‍ക്ക് അനൂഭൂതിയുളവാക്കും. ഈ റംസാനിലെ പകലിന് 14 മണിക്കൂറ് ദൈര്‍ഗ്യമുണ്ടാകുമെന്നതും പ്രത്യേകതയാണ്.
കഴിഞ്ഞ ഒരുമാസമായി വിശുദ്ധ റംസാനെ സ്വീകരിക്കാനുളള ഒരുക്കത്തിലായിരുന്നു വിശ്വാസികള്‍. മസ്ജിദുകളും, ഭവനങ്ങളും കഴുകി വൃത്തിയാക്കി പരിശുദ്ധത ഉറപ്പ് വരുത്തുന്ന കാഴ്ചയായിരുന്നു എങ്ങും.
പകല്‍ മുഴുവന്‍ സര്‍വ്വ ശക്തന്റെ അനുഗ്രഹം പ്രതീക്ഷിച്ച് അന്ന പാനിയങ്ങള്‍ ഉപേക്ഷിച്ച് മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന വിശ്വാസി, രാത്രികളില്‍ തറാവീഹ് നിസ്‌കാരവും നിര്‍വ്വഹിച്ച് ഇലാഹിലേക്ക് കരങ്ങളുയര്‍ത്തുന്ന വിശുദ്ധ റംസാന്‍ പുണ്യങ്ങള്‍ പൂക്കുന്ന വസന്തകാലമാണ് മുസ്‌ലിം മത വിശ്വാസികള്‍ക്ക്.
റംസാന്‍ ആഗതമാകുന്നതോടെ വിപണികളെല്ലാം സജീവമായി.വിവിധ തരം ഈത്തപ്പഴങ്ങളും, കാരക്കകളും പഴവര്‍ഗങ്ങളും കടകളിലെല്ലാം നിറഞ്ഞു കഴിഞ്ഞു. സാധനങ്ങള്‍ക്കെല്ലാം തൊട്ടാല്‍ പൊളളുന്ന വില ഈ വര്‍ഷത്തെ റംസാനിന്റെ പൊലിമയ്ക്ക് മാററ് കുറച്ചേയ്ക്കും.
വിപുലമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഇക്കുറിയും റമസാന്‍ പ്രമാണിച്ചു മുസ്‌ലിം സംഘടനകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. നാടും നഗരവും റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post