ഡി.വൈ.എഫ്.ഐ. സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പോലീസ് നീക്കംചെയ്തു:കൂത്തുപറമ്പില്‍ സംഘര്‍ഷം

കൂത്തുപറമ്പ്: മാറോളിഘട്ടിന് സമീപമുള്ള ടൗണ്‍ ജങ്ഷനില്‍ ഡി.വൈ.എഫ്.ഐ. സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പോലീസ് നീക്കംചെയ്തത് കൂത്തുപറമ്പില്‍ സംഘര്‍ഷാവസ്ഥയ്ക്ക് വഴിയൊരുക്കി. 
എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് മര്‍ദിക്കുന്ന ചിത്രസഹിതമുള്ള ഫ്‌ളക്‌സ് ബോര്‍ഡാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച ടൗണ്‍ ജങ്ഷനില്‍ സ്ഥാപിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ കൂത്തുപറമ്പ് സി.ഐ. കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് നീക്കംചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ബോര്‍ഡ് നീക്കം ചെയ്ത വിവരമറിഞ്ഞ് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെയാണ് വന്‍ പോലീസ്‌സേന കൂത്തുപറമ്പിലെത്തി. പാനൂര്‍, കതിരൂര്‍, കണ്ണവം സ്‌റ്റേഷനുകളില്‍നിന്ന് എസ്.ഐ. മാരുടെ നേതൃത്വത്തിലുള്ള പോലീസ്‌സേനയും കൂത്തുപറമ്പ് സി.ഐ. കെ.വി.ബാബു, പാനൂര്‍ സി.ഐ. ജയന്‍ ഡൊമനിക് എന്നിവരും സ്ഥലത്തെത്തി.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസ് എടുത്തുമാററിയതിന് സമാനമായി പുതിയ ഫഌ്‌സ്‌ബോര്‍ഡുമായി പ്രകടനം ആരംഭിച്ചു. പ്രകടനവുമായി നഗരപ്രദക്ഷിണം നടത്തിയ പ്രവര്‍ത്തകര്‍ മാറോളിഘട്ട് ടൗണ്‍ സ്‌ക്വയറിന് സമീപത്ത് പ്രകടനം അവസാനിപ്പിച്ചു. തുടര്‍ന്ന് രക്തസാക്ഷി സ്തൂപത്തില്‍ ഫഌ്‌സ് ബോര്‍ഡ് സ്ഥാപിച്ച് സ്ഥാപിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതോടെ സ്ഥിതി ശാന്തമായി..
നഗരത്തില്‍നടന്ന പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജി കരിപ്പായി ഉദ്ഘാടനംചെയ്തു. കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കംചെയ്യാത്ത പോലീസ് ഡി.വൈ.എഫ്.ഐ. ബോര്‍ഡ് നീക്കംചെയ്യുന്നത് പോലീസിന്റെ രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.രാഗേഷ് അധ്യക്ഷനായി.
പോലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫഌ്‌സ് ബോര്‍ഡ് മാത്രമേ നീക്കിയിട്ടുള്ളുവെന്നും നഗരത്തില്‍ ഡി.വൈ.എഫ്.ഐ. സ്ഥാപിച്ച മറ്റു ബോര്‍ഡുകളൊന്നും നീക്കം ചെയ്തിട്ടില്ലെന്നും കൂത്തുപറമ്പ് സി.ഐ. കെ.വി.ബാബു അറിയിച്ചു.
നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഫഌ്‌സ്‌ബോര്‍ഡ് സ്ഥാപിച്ചതിനും കണ്ടാലറിയാവുന്ന അമ്പതോളം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെപേരില്‍ കൂത്തുപറമ്പ് പോലീസ് കേസ്സെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم