ടി.പി വധം: അന്വേഷണ സംഘം യു ഡി എഫിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു:സി.പി.എം

കണ്ണൂര്‍: സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെതിരെ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് നടപടിയില്‍ സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ കെ രാഗേഷിന് നോട്ടീസ് ലഭിച്ചിരുന്നു. കാല്‍ മുട്ടിനുള്ള അസുഖത്തിന് ചികിത്സയിലായതിനാല്‍ സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കെ കെ രാഗേഷ് അപേക്ഷ നല്‍കിയിരുന്നതുമാണ്. എന്നാല്‍ അതിന് എപ്പോള്‍ ഹാജരാകണമെന്ന് യാതൊരു അറിയിപ്പും നല്‍കാതെയും യാതൊരു തെളിവും ഇല്ലാതെയും കെ കെ രാഗേഷിനെ കേസില്‍ പ്രതിയാക്കിയിരിക്കുകയാണ്.
ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു നടപടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാന്‍ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനുള്ള നീക്കമായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. ഇത്തരം നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കുന്നു.
ചന്ദ്രശേഖരന്‍ കേസ് അന്വേഷണ സംഘം വലതുപക്ഷ മാധ്യമങ്ങളോടൊപ്പം സി പി ഐ (എം) നെതിരായി ഒരിക്കല്‍ കൂടി കൂട്ട് നിന്നിരിക്കുകയാണ്. അന്വേഷണ സംഘം പൂര്‍ണ്ണമായും യു ഡി എഫിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post