ബി.ജെ.പിക്കാരുടെ വധക്കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭയാത്ര

കണ്ണൂര്‍: ജില്ലയിലെ ബി.ജെ.പി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊലപാതകത്തിലും വധശ്രമത്തിലും സി.പി.എം. ജില്ലാ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍ ആരോപിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കണം. സി.പി.എമ്മിന്റെ മാഫിയാരീതിക്ക് ഒരുമാറ്റവും വന്നിട്ടില്ല. പാര്‍ട്ടിഗ്രാമങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിയുന്നില്ല. ഗീബല്‍സിയന്‍ തന്ത്രമാണ് സി.പി.എം. തുടരുന്നത്. സി.പി.എം. തട്ടിപ്പിന്റെ ഇരകളാകുന്നത് ബി.ജെ.പി. പ്രവര്‍ത്തകരാണെന്നും ജയന്തന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഷുക്കൂര്‍, ടി.പി. വധക്കേസുകളുടെ അന്വേഷണം വഴിമുട്ടുകയാണ്. കൊലപാതക കേസന്വേഷണത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ നല്‍കിയ നിവേദനത്തില്‍ മുഖ്യമന്ത്രി നടപടിസ്വീകരിച്ചിട്ടില്ലെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.

കെ.ടി. ജയകൃഷ്ണന്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വനികുമാര്‍ തുടങ്ങിയവരുടെ വധക്കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ചൊവ്വാഴ്ച തുടങ്ങും. ബി.ജെ.പി. അഖിലേന്ത്യ സെക്രട്ടറി വി.മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മറ്റു കൊലപാതകങ്ങളിലെ ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് യാത്ര. ജയകൃഷ്ണന്‍ വെട്ടേറ്റുമരിച്ച മൊകേരി ഈസ്റ്റ് യു.പി.സ്‌കൂളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി 25ന് യാത്ര തുടങ്ങും. കടവത്തൂരില്‍ സമാപനം ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. 26ന് ചമ്പാട് അരയാക്കൂലില്‍നിന്ന് തുടങ്ങുന്ന യാത്ര തലശ്ശേരിയില്‍ സമാപിക്കും. സമാപനസമ്മേളനം അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. 27ന് മുഴപ്പിലങ്ങാട്ടുനിന്ന് തുടങ്ങി കാക്കയങ്ങാട്ട് സമാപിക്കും. സമാപനം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. 28ന് മുഴക്കുന്നില്‍നിന്ന് തുടങ്ങി നടുവിലില്‍ അവസാനിക്കും. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 29ന് പന്നിയൂരില്‍നിന്നു തുടങ്ങി തളിപ്പറമ്പില്‍ സമാപിക്കും. തളിപ്പറമ്പില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 30ന് യാത്ര സമാപിക്കും. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപനച്ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സെക്രട്ടറിമാരായ പി.സത്യപ്രകാശ്, വിജയന്‍ വട്ടിപ്രം എന്നിവരും പങ്കെടുത്തു

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم