ആറളം ഏച്ചില്ലം മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

ഇരിട്ടി : ആറളം ഏച്ചില്ലം മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. മഹാവിഷ്ണുവിന്റെ പഞ്ചലോഹവിഗ്രഹവും സ്വര്‍ണ പൊട്ടുകളും മോഷണം പോയി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വെളളിയാഴ്ച പുലര്‍ച്ചെ ആറോടെ ക്ഷേത്രം പൂജാരി പൂജക്കെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ക്ഷേത്ര കോവിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തിടമ്പെഴുന്നള്ളത്തിന് ഉപയോഗിക്കുന്നതാണ് മോഷണം പോയ പഞ്ചലോഹവിഗ്രഹം. ഇതിന് 6 കിലോയോളം തൂക്കംവരും. 75 വര്‍ഷത്തെ പഴക്കമുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ് മോഷണം പോയ വിഗ്രഹം. വിഗ്രഹത്തില്‍ തൊടാനുള്ള 4 സ്വര്‍ണപൊട്ടുകളും മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍. 25 വര്‍ഷങ്ങള്‍ക്ക് മുമ്പും ഇവിടെ വന്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു.
കവര്‍ച്ച സംബന്ധിച്ച് ക്ഷേത്രം സിക്രട്ടറി പി എസ് അനില്‍കുമാര്‍ ആറളം പോലീസിന് പരാതി നല്‍കിയത്. കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായര്‍, മട്ടന്നൂര്‍ സി.ഐ പി.എന്‍ സജീവ്, ആറളം എസ്.ഐ മനോഹരന്‍ എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പോലീസ് നായ അമ്പലത്തിന് ചുറ്റും വലയം വെച്ച് എടൂര്‍ ഭാഗത്തേക്കുള്ള കൂട്ടക്കളം റോഡിലേക്ക് പോയി. അതിനിടെ ക്ഷേത്ര ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കാനുപയോഗിച്ച ക്ഷേത്രത്തിലെ തന്നെ കത്തിവാള്‍ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച നടന്ന വിവരമറിഞ്ഞ് ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തരെത്തി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم