കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ മുസ്‌ലിംലീഗില്‍ പ്രതിഷേധം തുടരുന്നു. ദേശീയ പ്രസിഡന്റും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് തല്‍സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഓഫിസ് വീണ്ടും താഴിട്ടുപൂട്ടി. ലീഗ് ഭാരവാഹികളില്‍ ചിലര്‍ അകത്തുള്ളപ്പോഴാണ് 30ഓളം പ്രതിഷേധക്കാരെത്തി ബാഫഖി സൗധത്തിനു പുതിയ പൂട്ടിട്ടത്. അരിയിലില്‍ കൊല്ലപ്പെട്ട എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചി അബ്്ദുല്‍ ഷൂക്കൂറിന്റെ വീട് സന്ദര്‍ശിക്കാത്തതാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് പല വേദികളിലും യൂത്ത്‌ലീഗുകാര്‍ പ്രതിഷേധമറിയിച്ചിരുന്നെങ്കിലും നേതൃത്വം കാര്യമാക്കിയിരുന്നില്ല. ജില്ലാ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാതെ ഭാരവാഹികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച 50ഓളം പേര്‍ കരിങ്കൊടി പ്രകടനം നടത്തി ഇ അഹമ്മദിന്റെ കോലം കത്തിക്കുകയും ഓഫിസ് പൂട്ടിയിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് കാവല്‍ നിലനില്‍ക്കെയാണ് കണ്ണുവെട്ടിച്ച് ശനിയാഴ്ച വൈകീട്ട് ആറരയോടെ വീണ്ടും പ്രതിഷേധക്കാരെത്തിയത്. സംഭവമറിഞ്ഞ് ടൗണ്‍ പോലിസും മറ്റുമെത്തി പൂട്ടുമുറിക്കുകയായിരുന്നു. രണ്ടു ദിവസമായി കോഴിക്കോട്ടുള്ള അഹമ്മദ് ശനിയാഴ്ച കണ്ണൂരിലെത്തി തളിപ്പറമ്പിലേക്കു പോവുമെന്ന് നേതാക്കള്‍ അണികള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് വീണ്ടും പ്രതിഷേധമുയര്‍ന്നത്.
കണ്ണൂര്‍ ജില്ലാ മുസ്‌ലിംലീഗില്‍ കലാപം രൂക്ഷം: ഓഫിസ് വീണ്ടും താഴിട്ടുപൂട്ടി
Unknown
0
إرسال تعليق