ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബംഗാളി യുവാവ് പിടിയില്‍

തലശ്ശേരി : അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി ബംഗാളി സ്വദേശി തലശ്ശേരിയില്‍ പിടിയില്‍. ബദരിയ കൊട്ടിബല്‍വ പരശുരാം പൂരില്‍ പ്രജേഷി(28)നെയാണ് തലശ്ശേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്ന് ഏതാണ്ട് 750 ഗ്രാം വരുന്ന ചരസ് പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ മല്‍സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് പ്രജേഷ് പിടിയിലായത്. മറ്റ് മിശ്രിതങ്ങളുമായി അരച്ച് ചോക്കിന്റെ രൂപത്തില്‍ തയാറാക്കിയ ചരസാണ് പിടികൂടിയത്. അന്താരാഷ്ട്രാമാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ് ഇവയെന്ന് പോലീസ് പറഞ്ഞു. നേപ്പാളില്‍ നിന്ന് നേരിട്ട് കൊണ്ടു വന്ന് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് പതിവ്. ഇതിനായി തലശ്ശേരിയില്‍ ഒട്ടേറെപേര്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മല്‍സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെ കടലോര മേഖലയിലും പുതിയ ബസ്സ്റ്റാന്റ്,റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളിലുമായാണ് വില്‍പ്പ കേന്ദ്രങ്ങള്‍. ബംഗാളില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്മുമ്പ് തലശ്ശേരിയിലെത്തിയ പ്രജേഷ് പാലയാട് യൂനിവേഴ്‌സിറ്റിക്കടുത്താണ് താമസിക്കുന്നത്. ആക്രിക്കച്ചവടത്തോടൊപ്പം മയക്കുമരുന്ന് വില്‍പ്പനയും നടത്തിവരികയാണ്. രാത്രി കാലങ്ങളില്‍ ചില തട്ടുകടകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി സൂചനകളുണ്ട്. മല്‍സ്യമാര്‍ക്കറ്റ് പരിസരം വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രമാണെന്ന് ആരോപണമുണ്ട്. നേരത്തെ പോലീസ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم