ബി.ജെ.പി നേതാക്കളുടെ കൊലപാതം: സര്‍ക്കാറിന് വി. മുരളീധരന്റെ അന്ത്യശാസനം

കണ്ണൂര്‍ : യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍, അശ്വിനി കുമാര്‍,പന്ന്യന്നൂര്‍ ചന്ദ്രന്‍ തുടങ്ങിയ ബി.ജെ.പി,യുവ മോര്‍ച്ച നേതാക്കളുടെ കൊലപാതക കാരണം സംബന്ധിച്ച കേസന്വേഷണം രണ്ടാഴ്ചക്കകം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ അന്ത്യശാസനം. ഇല്ലെങ്കില്‍ കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കേസന്വേഷണം സി.ബി.ഐക്ക് വിടണമന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 35 വര്‍ഷമായി സി.പി.എം ജില്ലയില്‍ ഏകാധിപത്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച നിരവധി പേര്‍ സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായിട്ടുണ്ട്. പാര്‍ട്ടിയുടെ കണ്ണില്‍ കരടാവുന്നവരെ കൊന്നൊടുക്കുകയാണ് ഇവര്‍ചെയ്തത്. ഇതില്‍ ചിലര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്ററെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ യഥാര്‍ത്ഥ പ്രതികള്‍ ഒരാള്‍മാത്രമായിരുന്നു. മറ്റുള്ളവര്‍ ഇപ്പോഴും സൈ്വര്യമായി വിഹരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്നാല്‍ പോലീസുദ്യോഗസ്ഥരില്‍ ചിലര്‍ ഇപ്പോഴും സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. അന്ന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന കേരള പോലീസ് ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിച്ചാല്‍ എങ്ങുമെത്തില്ല. അതുകൊണ്ട് തന്നെയാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ മുഖ്യമന്ത്രിയെ നേരില്‍കണ്ട് മകന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നിറമിഴികളോടെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. മുരളീധരന്‍ കുറ്റപ്പെടുത്തി. അതു കൊണ്ടാണ് രണ്ടാഴ്ചക്കകം കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് സര്‍ക്കാറിന് ബി.ജെ.പി അന്ത്യശാസനം നല്‍കുന്നതെന്നും ബി.ജെ.പി.അധ്യക്ഷന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. എ. അശോകന്‍,പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, വി.പി രാജേഷ്, പി.പി.കരുണാകരന്‍ മാസ്റ്റര്‍, പി.കെ വേലായുധന്‍,യു.ടി ജയന്തന്‍, എ.പി പത്മിനിടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post