ഏഴോത്ത് മൂന്നു ബൈക്കുകള്‍ മോഷ്ടിച്ചു; രണ്ടെണ്ണം ഉപേക്ഷിച്ചു

പഴയങ്ങാടി: ഏഴോം പുല്ലാഞ്ഞിടയില്‍ മൂന്നു ബൈക്കുകള്‍ മോഷ്ടിച്ചു. ഇതില്‍ രണ്ടെണ്ണം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നംഗ മോഷണ സംഘമെത്തിയ ബൈക്കും ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. മാധ്യമം പഴയങ്ങാടി ലേഖകന്‍ ഏഴോം പുല്ലാഞ്ഞിടയിലെ മഹമൂദ് വാടിക്കലിന്റെ കെഎല്‍ 13 പി 9337 നമ്പര്‍ ഹീറോ ആക്ടീവ ബൈക്കാണു മോഷണം പോയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അയല്‍വീടിന്റെ മുറ്റത്താണു മഹമൂദിന്റെ ബൈക്ക് വച്ചിരുന്നത്. ഈ വീട്ടിലെ കെഎല്‍ 13 യു 5453 എന്ന ബൈക്കും മോഷ്ടാക്കള്‍ കൊണ്ടുപോയെങ്കിലും ഇതു റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടെയടുത്തുള്ള പി.എം. സാജിദിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചെങ്കിലും റോഡരികിലെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് രജിസ്‌ട്രേഷനിലുള്ള കെഎല്‍ 60 എ 929 നമ്പര്‍ ബൈക്കിലാണു മോഷണസംഘം എത്തിയത്. മോഷണത്തിനു ശേഷം പള്ളിക്കരയിലെത്തിയ സംഘത്തെ കണ്ടു സംശയംതോന്നി നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ ഇവര്‍വന്ന ബൈക്ക് ഉപേക്ഷിച്ച് മഹമൂദിന്റെ ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. സംഘമെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്നു കരുതുന്നതായി എസ്‌ഐ എം. അനില്‍കുമാര്‍ പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم