ഭൂരഹിതരില്ലാത്ത ജില്ലാ പ്രഖ്യാപനത്തിന് ഇരട്ടി മധുരമായി നസീമയും മഹീന്ദ്രനും


കണ്ണൂര്‍: ഭൂരഹിതരില്ലാത്ത ജില്ലാ പ്രഖ്യാപനത്തിന് ഇരട്ടി മധുരമായി ഭൂമി ദാനത്തിലൂടെ മാതൃക കാട്ടി നസീമയും മഹീന്ദ്രനും. മൊകേരി വില്ലേജ് ഓഫീസര്‍ നസീമയും, ബിസിനസ്സുകാരനായ മാനന്തേരിയിലെ പി മഹീന്ദ്രനുമാണ് തലചായ്ക്കാന്‍ ഇടമില്ലാത്തവരുടെ ദു:ഖം ഇല്ലാതാക്കാന്‍ ഒരു കൈ സഹായം നല്‍കിയത്. ഇരുവരെയും ഭൂരഹിതരില്ലാത്ത ജില്ല പ്രഖ്യാപന വേദിയില്‍ കേന്ദ്ര മന്ത്രി ജയറാം രമേഷ് പ്രശംസാ പത്രം നല്‍കി ആദരിച്ചു.

മാനന്തേരി കീര്‍ത്തനത്തിലെ മഹീന്ദ്രന്‍ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച 6 സെന്റ് ഭൂമിയാണ് ദാനം നല്‍കിയത്. സ്ഥലം നല്‍കുന്നതിനുളള രേഖകള്‍ ചടങ്ങില്‍ വച്ച് കേന്ദ്ര മന്ത്രിയ്ക്ക് കൈമാറി. കൈതേരിയില്‍ ആയിത്തറ മമ്പറത്തിനടുത്താണ് സ്ഥലം. മഹത്തായ ഒരു സംരംഭത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മഹീന്ദ്രന്‍. ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.

നസീമ പിതൃസ്വത്തായി കിട്ടിയ തൃപ്പങ്ങോട്ടൂര്‍ വില്ലേജിലുളള മൂന്ന് സെന്റ് ഭൂമിയാണ് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കൈമാറിയത്. വില്ലേജ് ഓഫീസുകളിലെത്തുന്ന ഭൂരഹിതരായ പാവപ്പെട്ടവരുടെ ദുരിതങ്ങളാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് നസീമ പറയുന്നു. ഭര്‍ത്താവും മകളും പിന്തുണ നല്‍കി. ഗതാഗതസൗകര്യവും ജലലഭ്യതയുളളതുമായ സ്ഥലമാണ് രണ്ടുപേരും നല്‍കിയത്.

Keywords: Kerala, Kannur, Naseema, Mahindra, Minister, Jayaram Ramesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post