'കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: പ്രക്ഷോഭത്തെ സിപിഎം രാഷ്ട്രീയവത്കരിക്കുന്നു'

കണ്ണൂര്‍: കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കര്‍ഷക ജനത ഒറ്റക്കെട്ടായി നടത്തുന്ന പ്രക്ഷോഭത്തെ രാഷ്ട്രീയവത്കരിക്കാന്‍ സി.പി.എം ശ്രമിച്ചതിന്റെ ഭീകരമുഖമാണ് കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ കണ്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കെ സുധാകരന്‍ എം പി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഒരു സര്‍വകക്ഷി ഹര്‍ത്താലിലും കേരളചരിത്രത്തിലിന്നേവരെ അക്രമസംഭവങ്ങളുണ്ടായിട്ടില്ല. എന്നാല്‍ കൊട്ടിയൂരിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തീവെക്കുകയും നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങള്‍ ആരാണ് നടത്തിയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

കര്‍ഷകസംരക്ഷണസമിതിയുമായി ബന്ധപ്പെട്ട വൈദികരുള്‍പ്പെടെയുള്ള നേതാക്കളൊക്കെ തങ്ങളാരും അക്രമത്തിനാഹ്വാനം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഇതില്‍ നുഴഞ്ഞു കയറിയ ചില തത്പ്പര കക്ഷികളാണ് അക്രമം അഴിച്ചു വിട്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ഷകവിരുദ്ധമായിതു ഒന്നും ചെയ്യലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നയം കെ. പി .സി .സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജയന്തി നടരാജനും കര്‍ഷകരെ കുടിയിറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനപ്പുറം എന്തുറപ്പാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതെന്ന് കെ സുധാകരന്‍ എം.പി ചോദിച്ചു.

കൊട്ടിയൂരിനു പുറത്തുള്ള കുറേ യുവാക്കളാണ് കഴിഞ്ഞ ദിവസം ഇവിടെ അക്രമം നടത്താന്‍ രംഗത്തുണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് അക്രമസംഭവങ്ങളില്‍ പങ്കില്ല. രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യമിട്ട് സി പി എം ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. വ്യാജപ്രചാരണങ്ങള്‍ നടത്തി സംഭ്രമജനകമായ അന്തരീക്ഷം സൃഷ്ടിച്ചതും അവരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള സി പി എമ്മിന്റെ ഗൂഢപദ്ധതിയാണ് കൊട്ടിയൂര്‍ മേഖലയില്‍ നടക്കുന്ന അക്രമസംഭവങ്ങളെന്ന് കെ. സുധാകരന്‍ എം പി പറഞ്ഞു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു കര്‍ഷകന്റെ ഒരു തുണ്ട് ഭൂമി നഷ്ടപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിന്നും ആദ്യം രാജിവെക്കുന്ന എം പി താനും കേരളത്തില്‍ ആദ്യം രാജിവെക്കുന്ന എം എല്‍. എ അഡ്വ സണ്ണി ജോസഫുമായിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

കൊട്ടിയൂരില്‍ ഫോറസ്റ്റുദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയതിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി പുലബന്ധം പോലുമില്ല. വനപ്രദേശങ്ങളുടെ വ്യാപ്തിയും ഘനവുമൊക്കെ മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന പരിശോധന മാത്രമാണിത്. താന്‍ വനംമന്ത്രിയായിരുന്നപ്പോഴും ഇത്തരം സര്‍വേ നടന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനപ്രദേശങ്ങളില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനൊക്കെയുള്ള ഫണ്ടനുവദിക്കുന്നതെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

Keywords: Kerala, Kannur, CPM, K. Sudhakaran M.P, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم