നാറാത്ത് നിരോധനാജ്ഞ നിലവില്‍ വന്നു: കനത്ത ജാഗ്രതയോടെ പൊലിസ്


Police-march-in-Narath, Kannur
കണ്ണൂര്‍: നാറാത്ത് പൊലിസ് കണ്ടെത്തിയ പോപ്പുലര്‍ഫ്രണ്ട് ആയുധപരിശീലന കേന്ദ്രത്തിലേക്ക് മാര്‍ച്ചു നടത്തുമെന്ന് ബി.ജെ. പിയും തടയുമെന്ന് പോപ്പുലര്‍ഫ്രണ്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാറാത്ത് മേഖലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു.

13വരെയാണ് പൊലിസ് ആക്ട് 79സെക്ഷന്‍ പ്രകാരം ജില്ലാപൊലിസ് മേധാവി രാഹുല്‍ ആര്‍. നായര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ പ്രകടനം, പൊതുയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ യാത്രചെയ്യല്‍, സംഘം ചേരല്‍, ആയുധം കൈവശംവയ്ക്കല്‍, എന്നിവയും നിരോധിച്ചു. മതപരവും സാമൂഹികപരവുമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് ഇളവു നല്‍കിയിട്ടുണ്ട്.

ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്കും നിരോധനം ബാധകമല്ല. സ്ഥലത്ത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിരീക്ഷണമുണ്ടായിരിക്കും, ഭീകരകേന്ദ്രംതകര്‍ക്കുക, രാജ്യദ്രോഹികളെ തുറങ്കിലടയ്ക്കുക, നാറാത്ത് കേസ് എന്‍. ഐ. എ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബി.ജെ. പി ഇന്ന് പോപ്പുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുളള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഇവിടെ നിന്നാണ് ആയുധപരിശീലനം നടത്തുന്നതിനിടെ 21പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലിസ് പിടികൂടിയത്.

നിരോധനാജ്ഞ ലംഘിച്ച് ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രവീണ്‍ കോടോത്ത്, കെ. രഞ്ചിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് നിരോധിച്ച ജില്ലാ പൊലിസ് മേധാവിയുടെ നടപടി മുസ്ലീം ഭീകരര്‍ക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി ആരോപിച്ചു.

അതേ സമയം മാര്‍ച്ച് നടത്തിയാല്‍ തടയുമെന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് സായുധപൊലിസ് കമ്പില്‍ സ്‌റ്റെപ്പ് റോഡു മുതല്‍ നാറാത്ത് വരെ റൂട്ട് മാര്‍ച്ച് നടത്തി. എസ്. പി രാഹുല്‍ ആര്‍.നായര്‍, ഡി.വൈ. എസ്. പി പി.സുകുമാരന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kerala, Kannur, Narath, Police, Popular Front, BJP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post