ഒടുവില്‍ നറുക്ക് വീണത് റോഷ്‌നിക്ക്: ലീഗിലെ പ്രതിസന്ധിക്ക് ശുഭപര്യവസാനം

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാധ്യക്ഷയെ കണ്ടെത്താന്‍ ലീഗില്‍ ഒരുമാസത്തിലേറെക്കാലമായി നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചയ്ക്ക് നറുക്കെടുപ്പിലൂടെ പര്യവസാനം. ഒടുവില്‍ അവസാനപോംവഴിയെന്ന നിലയില്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ ഭാഗ്യം റോഷ്‌നി ഖാലിദിനെ തുണച്ചു. ഇതോടെ നഗരസഭാധ്യക്ഷ സ്ഥാനത്തിനു വേണ്ടിയുളള ലീഗിലെ ഗ്രൂപ്പ് പോരിനും താത്കാലിക വെടിനിര്‍ത്തലായി. നേരത്തെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് റോഷ്‌നി ഖാലിദിനാണെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയിലുളള സി.സീനത്തിനു വേണ്ടി അഖിലേന്ത്യാപ്രസിഡന്റ് ഇ. അഹമ്മദ് ഉള്‍പ്പെടെയുളള ഉന്നതനേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു. ഹിതപരിശോധനയില്‍ റോഷ്‌നിക്ക് എട്ടും സീനത്തിന് ഏഴുംവോട്ടുമാണ് ലഭിച്ചത്.
Roshni Khalid, Kannur
Roshni Khalid


മുന്‍ചെയര്‍പേഴ്‌സണ്‍ ടി.കെ നൂറുന്നിസ ആദ്യം തന്നെ ചെയര്‍പേഴ്‌സണ്‍സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കത്തു നല്‍കിയെങ്കിലും പിന്നീട് റോഷ്‌നിക്കനുകൂലമായി ചുവടുമാറ്റി. നഗരസഭാആക്ടിംഗ് ചെയര്‍മാന്‍ സി.സമീര്‍ ഹിതപരിശോധനയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തതോടെ റോഷ്‌നിക്കു മുന്നില്‍ കൂടുതല്‍ സാധ്യത തെളിഞ്ഞു. ഹിതപരിശോധനയുടെ ഫലം ഇ. അഹമ്മദ് വിഭാഗം അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെവീണ്ടും കൗണ്‍സിലര്‍മാരുടെ അഭിപ്രായം അറിയാനായി മൂന്നംഗ കമ്മിഷനെ പാര്‍ട്ടി നിയോഗിച്ചു. അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ. കെ. എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ് എന്നിവരായിരുന്ന കമ്മിഷനംഗങ്ങള്‍.

ഇവര്‍ കൗണ്‍സിലര്‍മാരോട് വീണ്ടും അഭിപ്രായമാരാഞ്ഞപ്പോഴും കൂടുതല്‍ പേര്‍ റോഷ്‌നിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്.ഇതിനിടെ സമീര്‍ സീനത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുസ്ഥാനാര്‍ത്ഥികളും തുല്യശക്തിയായി.

റോഷ്‌നി ഖാലിദിനു വേണ്ടി ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗക്കാരനായ ബി.പി ഫാറൂഖിന്റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങിയത് പാര്‍ട്ടിയില്‍ കെട്ടടങ്ങിയിരുന്ന ഗ്രൂപ്പ് പോര് വീണ്ടും ആളിക്കത്തിച്ചു. ടൗണ്‍ കമ്മിറ്റിയിലെ 55 അംഗങ്ങളില്‍ 28പേര്‍ റോഷ്‌നി ഖാലിദിനെ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലാനേതൃത്വത്തിന് ഒപ്പിട്ടു നല്‍കിയത് പ്രതിസന്ധി വീണ്ടും രൂക്ഷമാക്കി. ഇതിനെ തുടര്‍ന്ന് വിഷയം സംസ്ഥാനകമ്മിറ്റിക്ക് വിടണമെന്ന് ഇ. അഹമ്മദ് വിഭാഗം വാദിച്ചത് പാര്‍ട്ടിക്കുളളിലും പുറത്തും പൊട്ടിത്തെറിയുണ്ടാക്കി.

ഹിതപരിശോധനയില്‍ കൂടുതല്‍ പേര്‍ പിന്തുണച്ച റോഷ്‌നിയെ നഗരസഭാധ്യക്ഷയാക്കണമെന്നും തീരുമാനം ജില്ലാകമ്മിറ്റി തന്നെ പ്രഖ്യാപിക്കണമെന്നും കുഞ്ഞാലിക്കുട്ടി വിഭാഗം ആവശ്യപ്പെട്ടു. ലീഗിലെ ചേരിപ്പോര് തെരുവുയുദ്ധത്തിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ഒടുവില്‍ ഇരുപക്ഷത്തിന്റെയും സമ്മതത്തോടെ നറുക്കെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിയത്. റോഷ്‌നിക്ക് നറുക്ക് വീഴുകയാണെങ്കില്‍ സീനത്തിനെ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അനൗപചാരിക നിര്‍ദ്ദേശവും അഹമ്മദ് വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതു അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി വിഭാഗം.

Keywords: Kerala, Kannur, Roshni Khalid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم